ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി; വീടുകൾ ബുൾഡോസറുകൾ കൊണ്ട് ഇടിച്ചുനിരത്തുന്നത് തെറ്റാണെന്ന് അംഗീകരിക്കുമോ?

ന്യൂഡൽഹി: വീടുകൾ ബുൾഡോസറുകൾ കൊണ്ട് ഇടിച്ചുനിരത്തുന്നത് തെറ്റാണെന്ന് അംഗീകരിക്കുമോ എന്ന് ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി. ബുൾഡോസർ കൊണ്ട് വീട് ഇടിച്ചുനിരത്തിയ പ്രതിക്ക് ജാമ്യം നൽകരുതെന്ന് യു.പി സർക്കാർ സുപ്രീംകോടതിയിൽ വാദിച്ച​പ്പോഴാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം തിരിച്ചുവെച്ചത്. യു.പി സർക്കാറിന്റെ എതിർപ്പ് തള്ളി പ്രതിയായ ഫസാഹത് അലി ഖാന് ബെഞ്ച് ജാമ്യം അനുവദിക്കുകയും ചെയ്തു.

ഒരു രാഷ്ട്രീയ പാർട്ടിക്ക് കീഴിൽ പ്രവർത്തിച്ച ഖാൻ ശപാലീസ് ഉദ്യോഗസ്ഥനൊപ്പമായിരുന്നുവെന്നും ഒരു വ്യക്തിയുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി 20,000 രൂപ കവർന്നുവെന്നും യു.പി സർക്കാറിന്റെ അഡീഷനൽ അഡ്വക്കറ്റ് ജനറൽ ആർ.കെ റയ്സാദ ബോധിപ്പിച്ചപ്പോഴാണ് സുപ്രീംകോടതിയുടെ മറുചോദ്യം. അപ്പോൾ വീടുകൾ ബുൾഡോസറുകൾ കൊണ്ടിടിച്ചുനിരത്തുന്നത് തെറ്റാണെന്ന് നിങ്ങൾ അംഗീകരിക്കുമോ എന്ന് പ്രതികളുടെ വീടുകൾ ബുൾഡോസറുകൾ കൊണ്ട് ഇടിച്ചു നിരത്തുന്നത് പതിവാക്കിയ യു.പി സർക്കാറിന്റെ അഭിഭാഷകനോട് ജസ്റ്റിസ് കൗൾ ചോദിച്ചു. അങ്ങിനെയെങ്കിൽ നിങ്ങൾ വീടുകൾ ഇടിച്ചുനിരത്തുന്ന തത്വം പിന്തുടരരുത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വീടുകൾ ബുൾഡോസറുകൾ കൊണ്ടിടിച്ചു നിരത്തുന്നത് തെറ്റാണെന്ന് യു.പി സർക്കാർ പറഞ്ഞതായി സുപ്രീംകോടതി രേഖപ്പെടുത്തട്ടെ എന്ന് ​ജസ്റ്റിസ് കൗൾ ചോദിച്ചപ്പോൾ തന്റെ ഈ വാദം ഈ കേസിന് മാത്രം പരിമിതമാണെന്നും അതിനപ്പുറമില്ലെന്നും പറഞ്ഞ് അഭിഭാഷകൻ ചിരിചച്ചുകൊണ്ട് ഒഴിഞ്ഞുമാറി. പ്രതിക്ക് ജാമ്യം നിഷേധിച്ച അലഹാബാദ് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.

ഉത്തർപ്രദേശിലും മധ്യപ്രദേശിലും കേസുകളിൽ പ്രതികളാക്കുന്നവരുടെ വീടുകൾ ബുൾഡോസറുകൾ വെച്ച് തകർക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹരജികൾ സുപ്രീംകോടതിയിൽ വന്നിരുന്നു. ബുൾഡോസർ കയറ്റുന്നത് ആഘോഷിക്കുന്ന ബി.ജെ.പി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുൾഡോസർ ബാബയെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെ ബുൾഡോസർ മാമയെന്നുമാണ് വിളിക്കാറുള്ളത്.

Tags:    
News Summary - "So You Agree Bulldozing Houses Is Wrong?" : Supreme Court Asks When UP Govt Opposed Bail To Person Accused Of Bulldozing House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.