പൊതു ഇടങ്ങളിലെ പുകവലി; പിഴ 200രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി കർണാടക സർക്കാർ

ബംഗളൂരു: പുകയില ഉൽപന്നങ്ങൾ പൊതുസ്ഥലത്ത് ഉപയോഗിക്കുന്നതിനുള്ള പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി വർധിപ്പിച്ചുകൊണ്ട് കർണാടക സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. സിഗരറ്റും പുകയില ഉൽപന്നങ്ങളും വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിയമപരമായ പ്രായം 18 ൽ നിന്ന് 21 വയസ്സായി സർക്കാർ ഉയർത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ സംസ്ഥാനത്തുടനീളം ഹുക്ക ബാറുകൾ തുറക്കുന്നതും പ്രവർത്തിപ്പിക്കുന്നതും സർക്കാർ നിരോധിച്ചിട്ടുണ്ട്.

ഗവർണറുടെ പേരിൽ പാർലമെന്ററികാര്യ നിയമനിർമ്മാണ വകുപ്പ് സെക്രട്ടറി ജി. ശ്രീധരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളുടെ പരസ്യ നിരോധനവും വ്യാപാര വാണിജ്യ നിയന്ത്രണവും, ഉൽപ്പാദനം തുടങ്ങിയവയുടെ നിയന്ത്രണ ബിൽ പ്രസിഡന്റ് ദ്രൗപതി മുർമു ഒപ്പുവച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

കർണാടക സംസ്ഥാനത്തിന് ബാധകമാകുന്ന 2003-ലെ സിഗരറ്റും മറ്റ് പുകയില ഉൽപ്പന്ന നിയമവും (2003-ലെ കേന്ദ്ര നിയമം 34) പുതിയ നിയമം ഭേദഗതി ചെയ്തു. പൊതുസ്ഥലത്ത് ആരും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ഭേദഗതിയിൽ പറയുന്നു. സിഗരറ്റുകളോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ 100 മീറ്റർ ചുറ്റളവിലും ഭക്ഷണശാലകൾ, പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെ ഇടങ്ങളിലും വ്യക്തിഗതമായോ മറ്റൊരാളുടെ പേരിലോ ഹുക്ക ബാർ തുറക്കാനോ പ്രവർത്തിപ്പിക്കാനോ പാടില്ലെന്നും നിയമത്തിൽ പറയുന്നു.

പുതിയ വ്യവസ്ഥകൾ അനുസരിച്ച് നിയമത്തിലെ സെക്ഷൻ 4A ലംഘിക്കുന്ന ഏതൊരാൾക്കും ഒരു വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കും. അത് മൂന്ന് വർഷം വരെ നീളാം. കൂടാതെ 50,000 രൂപയിൽ കുറയാത്ത പിഴ‍യും ചുമത്തും. അത് ഒരു ലക്ഷം രൂപ വരെ ഉയരാം.

പുകയില ഉപയോഗത്തിനെതിരെ പൊതുജനാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി സമാനമായ ഭേദഗതികൾ നടപ്പിലാക്കിയ രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളുടെ പട്ടികയിൽ കർണാടകയും ചേരുകയാണ്.

Tags:    
News Summary - Smoking in public places; Karnataka government increases fine from Rs 200 to Rs 1000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.