പ്രളയത്തിനുശേഷം പാമ്പുകടിയേറ്റ് 16 മരണം, 10,000 പേർക്ക് നേത്രരോഗം, 22,000 ചർമ്മ അണുബാധകൾ -പഞ്ചാബ് മന്ത്രി

ചണ്ഡീഗഢ്: പഞ്ചാബിൽ പ്രളയത്തിനുശേഷം പാമ്പുകടിയേറ്റ് 16 പേർ മരിച്ചെന്നും 10,000പേർക്ക് നേത്രരോഗങ്ങൾ സ്ഥിരീകരിച്ചെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ബൽബീർ സിങ്. കൂടാതെ, 22,000 പേർക്ക് ചർമ്മ അണുബാധകളും 19,000 പനി കേസുകളും 4,500 വയറിളക്ക കേസുകളും റിപ്പോർട്ട് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.

പഞ്ചാബിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായം നൽകുന്നതിന് സുതാര്യമായ സർക്കാർ പദ്ധതി മിഷൻ ചാർദി കല അവതരിപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങളെ പരാമർശിച്ച്, വെള്ളപ്പൊക്ക സമയത്ത് 848 മെഡിക്കൽ ടീമുകൾ 24 മണിക്കൂറും പ്രവർത്തിച്ചുവെന്ന് ​​ബൽബീർ സിങ് പറഞ്ഞു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഏകദേശം 780 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുകയും 1.42 ലക്ഷം ആളുകളെ പരിശോധിക്കുകയും മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്തു. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങൾ തടയുന്നതിനായി 92 ലക്ഷം വീടുകളിൽ പരിശോധന നടത്തി.

മെഡിക്കൽ സമൂഹത്തിന്‍റെയും സാമൂഹിക സേവന സംഘടനകളുടെയും ബിസിനസുകാരുടെയും എല്ലാ പഞ്ചാബികളുടെയും മുഴുവൻ പിന്തുണ തങ്ങൾക്ക വേണമെന്ന് മന്ത്രി അഭ്യർഥിച്ചു. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ വഴി സംഭാവന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ശമ്പളത്തിൽനിന്ന് നേരത്തെ മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് 1.25 ലക്ഷം രൂപയും മിഷൻ ചാർദി കലയിലേക്ക് 1.25 ലക്ഷം രൂപയും സംഭാവന ചെയ്തതായും അദ്ദേഹം പറഞ്ഞു. ഓരോ രൂപയും സത്യസന്ധമായി ഉപയോഗിക്കുകയും ആവശ്യമുള്ളവർക്ക് നൽകുകയും ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Tags:    
News Summary - Sixteen snakebite deaths post-floods and 22000 skin infections in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.