ഊട്ടിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: ഊട്ടിയിൽ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ആറു സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സംഗീത (35),ഷക്കീല (30),ഭാഗ്യ (36),ഉമ (35), മുത്തുലക്ഷ്മി (36), രാധ (38) എന്നിവരാണ് മരിച്ചത്.  ഊട്ടിക്ക് സമീപം ഗാന്ധിനഗറിലാണ് സംഭവം. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നുവീണതാണ് അപകടത്തിനു കാരണമായത്. താഴെ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനടിയില്‍ പെടുകയായിരുന്നു. ആറു സ്ത്രീകളും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. പത്തോളം തൊഴിലാളികളാണ് മണ്ണെടുക്കൽ ജോലിയിൽ ഏർപ്പെട്ടിരുന്നത്.

കിടങ്ങ് കുഴിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ മേൽ അപ്രതീക്ഷിതമായി ശൗചാലയത്തിന്റെ കെട്ടിടം ഇടിഞ്ഞ് വീണത്. തൊഴിലാളികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഉടൻ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. 

അപകടത്തിൽ ഗുരുതര പരിക്കേറ്റ മഹേഷ് (23), ശാന്തി (45), ജയന്തി (56), തോമസ് (24) അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിനു പിന്നാലെ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ റോഡ് ഉപരോധിച്ചു.

നീലഗിരി ജില്ലയിലെ ഊട്ടി ലവ്‌ഡെയ്ൽ ഗാന്ധി നഗർ ഏരിയയിൽ പ്രിജുവിന്റെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടത്തിലാണ് കെട്ടിടം പണിയുന്നത്. ഈ കെട്ടിടത്തോട് ചേർന്നാണ് പൊതു ശൗചാലയം ഉണ്ടായിരുന്നത്. കെട്ടിട കരാറുകാരൻ മോഹനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    
News Summary - Six women fell under the ground during construction work in Ooty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.