രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി ദ്രൗപതി മുർമു; സന്താലി സാരി സമ്മാനിക്കാനൊരുങ്ങി നാത്തൂൻ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ വനിതയായി ദ്രൗപതി മുർമുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ നടക്കാനിരിക്കെ മുർമുവിന്‍റെ സ്വദേശമായ ഒഡിഷയിൽ നിന്നും നിരവധി പ്രമുഖരാണ് തലസ്ഥാന നഗരിയിലേക്ക് എത്തിച്ചേരുന്നത്. സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ദ്രൗപതി മുർമുവിന്‍റെ കുടുംബവും ഡൽഹിയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിൽ ദ്രൗപതി മുർമുവിന് ധരിക്കാനായി പരമ്പരാഗത സന്താലി സാരിയുമായി ഡൽഹിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ് നാത്തൂൻ സുക്രി.

കിഴക്കൻ ഇന്ത്യയിലെ സന്താൽ സ്ത്രീകൾ ഉപയോഗിക്കുന്ന പരമ്പരാഗത വേഷമാണ് സന്താൽ സാരി. വിശേഷാവസരങ്ങളിൽ സന്താൽ സ്ത്രീകൾ ഈ സാരി ധരിക്കും. 'ഞാൻ ദീദിക്കായി പരമ്പരാഗത സന്താലി സാരിയാണ് കൊണ്ടുപോവുന്നത്. അവർ സത്യപ്രതിജ്ഞ സമയത്ത് ഈ സാരി ധരിക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ അവർ യഥാർഥത്തിൽ എന്ത് ധരിക്കുമെന്നതിനെക്കുറിച്ച് എനിക്ക് ഉറപ്പില്ല. പുതിയ രാഷ്ട്രപതിയുടെ വസ്ത്രധാരണം രാഷ്ട്രപതിഭവൻ തീരുമാനിക്കും'- സുക്രി പറഞ്ഞു. മുർമുവിനായി 'അരിസ പിത' എന്നും വിളിക്കപ്പെടുന്ന പരമ്പരാഗത മധുരപലഹാരങ്ങളും കൊണ്ടുപോകുന്നുണ്ടെന്നും അവർ പറഞ്ഞു.

ദ്രൗപതി മുർമുവിന്‍റെ മകളും മരുമകനും സഹോദരനും സഹോദരന്‍റെ ഭാര്യയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നും ബി.ജെ.പി വക്താവ് അറിയിച്ചു. ബി.ജെ.ഡി അധ്യക്ഷനും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്ക് ശനിയാഴ്ച നാല് ദിവസത്തെ പര്യടനത്തിനായി തലസ്ഥാനത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അദ്ദേഹം മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിൽ ഉപർബേഡ ഗ്രാമത്തിൽ സാന്താൾ ആദിവാസി ഗോത്രത്തിൽ 1958 ജൂൺ 20നാണ് മുർമുവിന്‍റെ ജനനം. രായിരംഗ്പുരിലെ ആദ്യ വനിത ബിരുദധാരിയായ ദ്രൗപദി മുർമു രായിരംഗ്പുർ നിയമസഭ മണ്ഡലത്തിൽനിന്ന് രണ്ട് തവണ എം.എൽ.എയായി. പിന്നീട് ഒഡിഷയിൽ ഗതാഗത, ഫിഷറിസ്, ആനിമൽ ഹസ്ബൻഡറി മന്ത്രിയായി. 2015ൽ ഝാർഖണ്ഡിൽ ഗവർണറായി നിയമിച്ചു. 2021 വരെ തൽസ്ഥാനത്ത് തുടർന്നു.

Tags:    
News Summary - Sister-in-law carries Santali saree for Droupadi Murmu’s swearing-in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.