ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണം സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾക്ക് അനുസൃതമായ രീതിയിൽ നടത്തണമെന്ന് സുപ്രീംകോടതി. പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയിലെ അപാകതകളും പട്ടികയിൽ നിന്ന് ധാരാളം പേർ ഒഴിവാക്കപ്പെട്ടതും ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് നേതാക്കൾ സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഈ നിരീക്ഷണം നടത്തിയത്.
വാദത്തിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, പശ്ചിമബംഗാളിലെ വോട്ടർ പട്ടികയിൽ കണ്ടെത്തിയ ചില പൊരുത്തക്കേടുകൾ ശാസ്ത്രത്തിന് നിരക്കുന്നതല്ലെന്ന് വിവരിച്ചു. 200 ലധികം മക്കളുള്ള രണ്ട് വോട്ടർമാരെയും, 100 ലേറെ മക്കളുള്ള ഏഴ് പേരെയും, 50 ഉം 40 ഉം മക്കളുള്ള നിരവധി പേരെയും കണ്ടെത്തിയെന്നാണ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്.
പശ്ചിമ ബംഗാളിൽ പേരുകൾ സംബന്ധിച്ച് വിശദീകരണം നൽകാൻ 1.36 കോടി (ജനസംഖ്യയുടെ 20 ശതമാനം) പേർക്കാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ് ലഭിച്ചത്. ഇപ്പോൾ നടക്കുന്ന എസ്.ഐ.ആർ പ്രക്രിയയിലൂടെ സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന സമ്മർദം ചൂണ്ടിക്കാട്ടി കോടതി തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷനെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.