എസ്.ഐ.ആർ നേട്ടമായത് എൻ.ഡി.എക്ക്? മഗധയിലേയും സീമാഞ്ചലിലേയും കണക്കുകൾ ഉത്തരം പറയും

പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്ത് വരുമ്പോൾ വൻ മുന്നേറ്റമാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും നേതൃത്വം നൽകുന്ന എൻ.ഡി.എ നടത്തുന്നത്. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 200നടുത്ത് സീറ്റുകളിലാണ് അവരുടെ മുന്നേറ്റം. കഴിഞ്ഞ തവണ 75 സീറ്റുണ്ടായിരുന്ന തേജസ്വി യാദവിന്റെ ആർ.ജെ.ഡി 35 സീറ്റിലേക്ക് ഒതുങ്ങി.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ തന്നെ ഇത് എസ്.ഐ.ആറിന്റെ വിജയമാണെന്ന് കോൺഗ്രസ് പ്രതികരിച്ച് കഴിഞ്ഞു. വോട്ടർ പട്ടികയുടെ തീവ്രപരിഷ്‍കരണം കഴിഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ എസ്.ഐ.ആർ എൻ.ഡി.എ മുന്നണിക്ക് ഗുണമായിട്ടുണ്ടെന്ന് വേണം വിലയിരുത്താൻ.

ജൂൺ 24ലെ കണക്കുകൾ പ്രകാരം 7.89 കോടി വോട്ടർമാരാണ് ബിഹാറിലെ പട്ടികയിൽ ഉണ്ടായിരുന്നത്. ആഗസ്റ്റ് ഒന്നിന് എസ്.ഐ.ആറിന് ശേഷം ആദ്യഘട്ട പട്ടിക പുറത്ത് വന്നപ്പോൾ 65 ലക്ഷം പേർ പട്ടികക്ക് പുറത്തായി. പിന്നീട് 3.66 ലക്ഷം അർഹതയില്ലാത്ത വോട്ടർമാരെ ഒഴിവാക്കിയും 21.53 ലക്ഷം പേരെ കൂട്ടിച്ചേർത്തും പുതിയ വോട്ടർ പട്ടിക ബിഹാറിൽ പുറത്തിറക്കി.

എസ്.ഐ.ആറിന് ശേഷം ഏറ്റവും കൂടുതൽ വോട്ടുകൾ ചേർത്തത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശക്തികേന്ദ്രമായ മഗധ മേഖലയിൽ ആയിരുന്നു. മുസ്‍ലിം ഭൂരിപക്ഷമുള്ള സീമാഞ്ചലിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ഒഴിവാക്കിയത്. ഈ രണ്ട് തീരുമാനങ്ങളും തെരഞ്ഞെടുപ്പിൽ നിർണായകമായെന്ന് ആദ്യഘട്ട ഫലങ്ങളിൽ നിന്ന് വ്യക്തമാവും. മഗധയിൽ ഇൻഡ്യ സഖ്യത്തിന്റെ നില പരുങ്ങലിലായപ്പോൾ എൻ.ഡി.എ വൻ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു.

മഗധയിൽ മഹാഗഡ്ബന്ധന് കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പുമായി താരതതമ്യം ചെയ്യുമ്പോൾ 18 സീറ്റ് കുറഞ്ഞു. അതേസമയം, എൻ.ഡി.എക്ക് 18 സീറ്റ് കൂടി. എസ്.ഐ.ആറിനെ തുടർന്ന് വലിയ രീതിയിൽ വോട്ടുകൾ ഒഴിവാക്കപ്പെട്ട സീമാഞ്ചലിലും നഷ്ടം ഇൻഡ്യ സഖ്യത്തിനാണ്. അഞ്ച് സീറ്റ് മേഖലയിൽ ഇൻഡ്യ സഖ്യത്തിന് കുറ​ഞ്ഞപ്പോൾ എൻ.ഡി.എക്ക് ഏഴ് സീറ്റ് കൂടി.

Tags:    
News Summary - SIR gains for NDA? Figures in Magadha and Seemanchal will answer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.