തിരുവനന്തപുരം: എസ്.ഐ.ആർ ആരംഭിക്കുമ്പോഴുണ്ടായിരുന്ന പട്ടികയുമായി എസ്.ഐ.ആർ അന്തിമ പട്ടിക താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിൽ 95ലും വോട്ടർമാർ കുറഞ്ഞു. വലിയ കുറവ് രേഖപ്പെടുത്തിയത് തെക്കൻ, മധ്യകേരളത്തിലാണ്. വർധന രേഖപ്പെടുത്തിയ 45 മണ്ഡലങ്ങളും വടക്കൻ ജില്ലകളിലുമാണ്.
തിരുവനന്തപുരം മണ്ഡലത്തിലാണ് വോട്ടർമാർ ഏറ്റവും കുറഞ്ഞത്, 47,647 പേർ. ജില്ലയിലെ തന്നെ വട്ടിയൂർക്കാവാണ് തൊട്ടുതാഴെ. 42,580 പേരുടെ കുറവാണ് ഇവിടെ. സംസ്ഥാനത്ത് 40,000ലധികം വോട്ടർമാർ കുറഞ്ഞത് ഈ രണ്ട് മണ്ഡലങ്ങളിൽ മാത്രം. 30,000നും 40,000നുമിടയിൽ വോട്ടർമാരുടെ കുറവുണ്ടായത് മൂന്ന് മണ്ഡലങ്ങളിലാണ്. നേമം (38,063), കഴക്കൂട്ടം (32,769), എറണാകുളം (32,399). 14 മണ്ഡലങ്ങളിൽ 30,000നും 20,000നുമിടയിൽ വോട്ടർമാരുടെ കുറവുണ്ടായി. 10,000ന് മുകളിൽ കുറവുണ്ടായത് 30 മണ്ഡലങ്ങളിലാണ്. 46 മണ്ഡലങ്ങളിൽ 10,000ന് താഴെയും.
തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിലും വോട്ടർമാർ കുറഞ്ഞിട്ടുണ്ട്. കൊല്ലം-11, എറണാകുളം-14, തൃശൂർ-12, കോട്ടയം, ആലപ്പുഴ-ഒമ്പത്, പാലക്കാട്-എട്ട്, കോഴിക്കോട്-ആറ്, ഇടുക്കി, പത്തനംതിട്ട-അഞ്ച്, വയനാട്, കണ്ണൂർ-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥിതി.
വോട്ടർമാരുടെ എണ്ണം കൂടിയ 45 മണ്ഡലങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ മലപ്പുറം ജില്ലയിലെ വേങ്ങരയാണ്. 19,297 വോട്ടർമാരാണ് ഇവിടെ വർധിച്ചത്. ജില്ലയിലെ തന്നെ തിരൂരാണ് രണ്ടാമത്. ഇവിടെ 18,639 പേർ വർധിച്ചു. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും വോട്ടർമാരുടെ എണ്ണം ഉയർന്നു.
കണ്ണൂർ-10, കോഴിക്കോട്-ഏഴ്, കാസർകോട്-അഞ്ച്, പാലക്കാട്-നാല്, വയനാട്-രണ്ട്, തൃശൂർ-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ എണ്ണം കൂടിയ മണ്ഡലങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.