സമരാവകാശം പരമമല്ല; പ്രതിഷേധ സ്ഥലം അനിശ്ചിതകാലത്തേക്ക് കൈവശപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സമരത്തിനുള്ള അവകാശം ഭരണഘടനാപരമായ മൗലികാവകാശമാണെങ്കിലും അത് പരമമായ അവകാശമല്ലെന്നും വ്യാപാരം നടത്താനുള്ള അവകാശവുമായി അതിനെ തുലനം ചെയ്യേണ്ടതുണ്ടെന്നും സുപ്രീംകോടതി.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ സഖ്യത്തിന്റെ രാംലീല റാലിക്കെതിരെ വ്യാപാര സംഘടനകൾ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
രാംലീല മൈതാനത്ത് സമരങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ വ്യാപാര സംഘടനകൾ സമർപ്പിച്ച ഹരജിയിൽ കേന്ദ്രസർക്കാറിനും മറ്റ് ബന്ധപ്പെട്ട കക്ഷികൾക്കും നോട്ടീസയച്ച സുപ്രീകോടതി ഒരാഴ്ചക്കകം മറുപടി നൽകാൻ നിർദേശിച്ചു.
പ്രതിഷേധാവകാശം ഭരണഘടനയുടെ 19(1)(എ), 19(1)(ബി) അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന മൗലികാവകാശമാണെങ്കിലും വ്യാപാരവും ബിസിനസും നടത്താനുള്ള മറ്റ് പൗരന്മാരുടെ അവകാശങ്ങളുമായി അതിനെ സന്തുലിതമാക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
രാംലീല മൈതാനം ചരിത്രപ്രസിദ്ധമായ പ്രതിഷേധ വേദിയാണെങ്കിലും അനിശ്ചിതകാലത്തേക്ക് അത് കൈവശപ്പെടുത്തി വെക്കാനാകില്ല. ഒരു പ്രതിഷേധ സംഘത്തിനും ഒരു പ്രതിഷേധ സ്ഥലം അനിശ്ചിതകാലത്തേക്ക് കൈവശപ്പെടുത്താനാവില്ല.
പ്രതിഷേധത്തിന് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങൾ നിശ്ചിത കാലയളവിൽ മാത്രം ഉപയോഗിക്കണമെന്നും മറ്റ് വിഭാഗങ്ങൾക്കും അത് ഉപയോഗിക്കാനുള്ള അവസരം ലഭിക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രതിഷേധം മൂലം ബാധിക്കപ്പെടുന്ന ദിവസക്കൂലി തൊഴിലാളികളുടെ ഉപജീവന പ്രശ്നവും കോടതി ഉയർത്തിക്കാട്ടി. പ്രതിഷേധാവകാശവും വ്യാപാരവും തൊഴിലും നടത്താനുള്ള അവകാശവും ഭരണഘടന അംഗീകരിച്ച അവകാശങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഇത് വ്യാപാര സ്ഥാപനങ്ങളുടെ നേട്ട-കോട്ടം മാത്രമല്ല, ദിവസവേതന തൊഴിലാളികളുടെ അന്നം കണ്ടെത്താനുള്ള അവകാശവുമായി ബന്ധപ്പെട്ട വിഷയം കൂടിയാണെന്ന് തുടർന്നു.
‘നിങ്ങൾക്ക് ഒരു പ്രതിഷേധവേദി എന്നെന്നേക്കുമായി കൈവശം വെക്കാനാവില്ല. മറ്റ് പ്രതിഷേധക്കാരും ഉണ്ട്. കർഷകരും തൊഴിലാളികളും ട്രേഡ് യൂനിയനുകളൊക്കെ എവിടെ പോകും? ഭവനരഹിതർ എവിടെ പ്രതിഷേധിക്കും? എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാംലീല മൈതാനത്തോട് ചേർന്നുള്ള മൊത്ത-ചില്ലറ വ്യാപാര കേന്ദ്രങ്ങളിലെ കടകൾക്ക് സമരങ്ങൾ മൂലം വലിയ നഷ്ടമുണ്ടാകുന്നതായി ഡൽഹി കിരാണ കമ്മിറ്റി ഉൾപ്പെടെയുള്ള സംഘടനകൾ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.