വഖഫ് ഹരജികൾ ജനുവരിയിലേക്ക് മാറ്റി സുപ്രീംകോടതി
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ പരിഗണിക്കുന്നത് ജനുവരിയിലേക്ക് നീട്ടി സുപ്രീംകോടതി. ഇടക്കാല അപേക്ഷകളാക്കി മാറ്റിയ ഹരജിക്കാർക്ക് സ്വതന്ത്ര ഹരജികൾ സമർപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി. വഖഫുമായി ബന്ധപ്പെട്ട് അഞ്ച് ഹരജികൾ പ്രധാന കേസുകളായി പരിഗണിക്കാനും ബാക്കി135 ഹരജികൾ ഇടക്കാല അപേക്ഷകളാക്കി മാറ്റാനും കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, പ്രധാന അഞ്ച് ഹരജികളിൽ തങ്ങളുടെ എല്ലാ വാദങ്ങളും ഉൾക്കൊള്ളുന്നില്ലെന്നും മുൻ ഉത്തരവ് കാരണം മാത്രമാണ് തങ്ങൾക്ക് ഇടക്കാല അപേക്ഷകരായി മാറേണ്ടി വന്നതെന്നും മുതിർന്ന അഭിഭാഷകൻ ഡോ. മോഹൻ ഗോപാൽ ഉൾപ്പെടെയുള്ളവർ കോടതിയെ അറിയിച്ചു. ഇടക്കാല അപേക്ഷകരായി മാത്രം കണ്ട് വാദം കേൾക്കുന്നതിൽ തങ്ങൾക്ക് പൂർണമായി കാര്യങ്ങൾ ബോധിപ്പിക്കാൻ കഴിയില്ലെന്നും അതിനാൽ റിട്ട് ഹരജി നൽകാൻ അനുവദിക്കണമെന്നും അഭ്യർഥിച്ചു.
തുടർന്ന്, ഹരജിക്കാരെ ഇടക്കാല അപേക്ഷകരായി മാത്രം പരിഗണിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച്, അവർക്ക് രണ്ടാഴ്ചക്കകം പുതിയ റിട്ട് ഹരജികൾ സമർപ്പിക്കാൻ സമയം അനുവദിക്കുകയായിരുന്നു. ഈ ഹരജികളുടെ പകർപ്പുകൾ നോഡൽ കൗൺസിലിന് നൽകണമെന്നും ഡിസംബർ 31നകം എല്ലാ കക്ഷികളും തങ്ങളുടെ സത്യവാങ്മൂലങ്ങളും മറുപടികളും ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കണമെന്നും ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.