വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി, എൻ. ചന്ദ്രബാബു നായിഡു
‘ജനങ്ങൾ തെരഞ്ഞെടുത്തതല്ല, നിങ്ങൾ തീരുമാനിച്ചതാണ്’; ആന്ധ്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ജഗൻ മോഹൻ റെഡ്ഡി
അമരാവതി: ആന്ധ്രപ്രദേശിലെ 92 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (യു.എൽ.ബി) നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി.
മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ അഭിസംബോധന ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ, തെരഞ്ഞെടുപ്പ് നടപടികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വിവിധ ഘട്ടങ്ങളിൽ ക്രമക്കേടുകളും ഇടപെടലുകളും നടന്നു. നാമനിർദേശ പത്രിക സമർപ്പണം മുതൽ സൂക്ഷ്മപരിശോധന, സ്ഥാനാർഥിത്വം പിൻവലിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ ഘട്ടങ്ങളിൽ എല്ലാം ക്രമക്കേടുകൾ ഉണ്ടായി. പൊലീസിനെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെയും ജഗൻ മോഹൻ വിമർശിച്ചു.
പ്രതിപക്ഷത്തിന് മത്സരിക്കാൻ അവസരം നൽകാതെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന രീതിയാണ് നടപ്പാക്കിയതെന്ന പരിഹാസത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.
നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, സ്ഥാനാർഥിത്വം പിൻവലിക്കൽ തുടങ്ങിയ നടപടികൾ അട്ടിമറിക്കപ്പെട്ടു. പോളിങ് ഏജന്റുമാരെ തടയുകയോ സമ്മർദത്തിലൂടെ പിൻവലിപ്പിക്കുകയോ ചെയ്തു. വോട്ടെടുപ്പിലും വോട്ടിങ് ശതമാനം രേഖപ്പെടുത്തുന്നതിലും കൃത്രിമം നടന്നു.
വോട്ടെണ്ണൽ നടപടികളിലും ഇടപെടലുണ്ടായെന്നാണ് വിമർശനം. ജനങ്ങൾക്ക് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചില്ലെന്നും പകരം വിജയിക്കേണ്ട സ്ഥാനാർഥികളെ മുൻകൂട്ടി തീരുമാനിക്കുകയായിരുന്നുവെന്നും ജഗൻ മോഹൻ കുറ്റപ്പെടുത്തി.
‘ജനങ്ങൾ സ്ഥാനാർഥികളെ തെരഞ്ഞെടുത്തതല്ല, നിങ്ങൾ അവരെ തീരുമാനിക്കുകയായിരുന്നു. ഇതൊന്നും ഇനി തെരഞ്ഞെടുപ്പുകളല്ല, സെലക്ഷനുകളാണ്’ എന്ന വിമർശനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആന്ധ്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തെലുഗുദേശം പാർട്ടി (ടി.ഡി.പി), ജനസേന പാർട്ടി (ജെ.എസ്.പി), ബി.ജെ.പി എന്നിവരടങ്ങുന്ന ഭരണകക്ഷി എൻ.ഡി.എ സഖ്യം വൻ മുന്നേറ്റമാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.