രാഹുൽ ഗാന്ധി, നരേന്ദ്ര മോഡി, കിരൺ റിജിജു
മോദിയുമായി സംവാദ വെല്ലുവിളി; രാഹുൽ ഗാന്ധി ശ്രമിക്കുന്നത് ഇന്ത്യയുടെ ശത്രുക്കളുടെ അജണ്ട നടപ്പാക്കാൻ: കിരൺ റിജിജു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർന്ന വിദേശ സഹായ ആരോപണത്തിലും 'തുറന്ന സംവാദ' വെല്ലുവിളിയിലും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ഇന്ത്യയുടെ ശത്രുക്കളുടെ അജണ്ടകൾക്ക് പ്രചാരം നൽകാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും, ഈ ആരോപണങ്ങൾ തികച്ചും സ്വയം പരിഹാസ്യമാണെന്നും റിജിജു ആരോപിച്ചു.
'ഇസ്‌ലാമിക മൗലികവാദികൾ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നതും, വിഘടനവാദികൾ ദേശീയ പതാക കൈയിലേന്തുന്നതും, അരാജകവാദികൾ ഭരണഘടനാ പുസ്തകം ഉയർത്തിപ്പിടിക്കുന്നതുപോലെ തന്നെയാണ് രാഹുലിന്റെ വാദങ്ങൾ,' റിജിജു തന്റെ എക്സ് (X) അക്കൗണ്ടിൽ കുറിച്ചു. പക്വതയുള്ള നേതാക്കൾ തമ്മിലാണ് ഉന്നതതല സംവാദങ്ങൾ നടക്കേണ്ടതെന്നും അല്ലാത്തവർ ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉയർത്തിക്കാട്ടുകയാണെന്നും റിജിജു കൂട്ടിച്ചേർത്തു.
വിവാദങ്ങളുടെ പശ്ചാത്തലം
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സഹായത്തോടെയാണ് അധികാരത്തിലെത്തിയതെന്നും ഇപ്പോഴും ആ പിന്തുണയിലാണ് തുടരുന്നതെന്നും ആരോപിച്ച് രാഹുൽ ഗാന്ധി പങ്കുവെച്ച എക്സ് (X) പോസ്റ്റാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചത്.
'രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിക്കൂ മോദിജി. വിദേശ സഹായത്തോടെയാണ് താങ്കൾ പ്രധാനമന്ത്രിയായതും ആ സ്ഥാനത്ത് തുടരുന്നതും. നിങ്ങളുടെ സാമ്പത്തിക അടിത്തറയും സോഷ്യൽ മീഡിയ പിന്തുണയും പൂർണ്ണമായും വിദേശ ശക്തികളുടെ നിയന്ത്രണത്തിലാണ്. ധൈര്യമുണ്ടെങ്കിൽ ഏതെങ്കിലും വേദിയിൽ, ഏതു സമയത്തും എന്റെ കൂടെ ഒരു തുറന്ന സംവാദത്തിന് തയ്യാറാകൂ. എന്നാൽ താങ്കൾ അതിന് മുതിരില്ല, കാരണം എന്നിൽ നിന്നുള്ള സത്യങ്ങളെ താങ്കൾ ഭയക്കുന്നു' രാഹുൽ പറഞ്ഞിരുന്നു.
പ്രതിപക്ഷം വികസനത്തിന് തടസ്സം നിൽക്കുന്ന പക്ഷമായി മാറിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനുള്ള മറുപടിയായാണ് രാഹുൽ ഗാന്ധി ഈ പ്രസ്താവന നടത്തിയത്. വിദേശ രാജ്യങ്ങളിൽ പോയി രാജ്യവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്തുന്നവർ ആരുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് രാജ്യം തിരിച്ചറിയണമെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, രാഹുലിന്റെ പ്രസ്താവന പുറത്തുവന്നതോടെ കടുത്ത പ്രതികരണവുമായാണ് ഭരണപക്ഷം രംഗത്തെത്തിയത്. രാഹുൽ ഗാന്ധി നിരന്തരം വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതും അവിടുത്തെ ചില കേന്ദ്രങ്ങളുമായി ബന്ധം പുലർത്തുന്നതും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കൾ മുമ്പും രംഗത്തെത്തിയിരുന്നു. റിജിജുവിന് പുറമെ നിരവധി ബി.ജെ.പി നേതാക്കളും രാഹുലിന്റെ സംവാദ വെല്ലുവിളി രാഷ്ട്രീയ നാടകമാണെന്ന് വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.