പ്രതീകാത്മക ചിത്രം
'മൾട്ടി-ലൈൻ ഫ്രീ ഫ്ലോ' ടോൾ പിരിവിൽ സൈനികരുടെ സ്വകാര്യ വാഹനങ്ങൾക്ക് ഇളവ്: പുതിയ ഫാസ്ടാഗ് സംവിധാനം പരിഗണനയിലെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ 14 ലക്ഷത്തോളം വരുന്ന സേനാ വിഭാഗങ്ങളിലെ (ആർമി, നേവി, എയർഫോഴ്സ്) ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സ്വകാര്യ വാഹനങ്ങൾക്ക് ടോൾ ഇളവ് നൽകുന്നത് തുടരാൻ പ്രത്യേക സാങ്കേതിക സംവിധാനമൊരുക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.
ബാരിയറുകളോ ജീവനക്കാരോ ഇല്ലാത്ത പുതിയ ‘മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ’ (എം.എൽ.എഫ്.എഫ്) ഹൈവേ ടോൾ സംവിധാനം നടപ്പിലാക്കുമ്പോൾ സൈനികരുടെ സ്വകാര്യ വാഹനങ്ങൾക്ക് ടോൾ ഇളവ് ഉറപ്പാക്കാനാണ് ഈ പുതിയ നീക്കം. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും (MoRTH) പ്രതിരോധ മന്ത്രാലയവും തമ്മിൽ ചർച്ചകൾ ആരംഭിച്ചു.
നിലവിൽ ടോൾ പ്ലാസകളിൽ സൈനികർ തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് (ID Card) കാണിക്കുമ്പോൾ സ്വകാര്യ വാഹനങ്ങൾക്കും ടോൾ ഇളവ് ലഭിക്കാറുണ്ട്. എന്നാൽ, ബാരിയറുകളോ ജീവനക്കാരോ ഇല്ലാതെ ഓട്ടോമാറ്റിക് ഹൈ-സ്പീഡ് കാമറകളും സെൻസറുകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന എം.എൽ.എഫ്.എഫ് ടോൾ പ്ലാസകളിൽ ഫിസിക്കൽ ഐഡി കാർഡുകൾ പരിശോധിക്കാൻ കഴിയില്ല. ഇതിനകം എം.എൽ.എഫ്.എഫ് നടപ്പിലാക്കിയ ചില പാതകളിൽ യാത്ര ചെയ്ത സൈനികരുടെ സ്വകാര്യ വാഹനങ്ങളിൽ നിന്ന് ഡിജിറ്റൽ ടോൾ കിഴിവ് സംഭവിക്കുകയോ, പണമില്ലാത്ത പക്ഷം ഓട്ടോമാറ്റിക് ഇ-ചെല്ലാനുകൾ അയക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതിനാലാണ് പുതിയ പദ്ധതി കേന്ദ്രം ആവിഷ്ക്കരിക്കുന്നത്.
പ്രതിരോധ മന്ത്രാലയവും ഗതാഗത മന്ത്രാലയവും തമ്മിൽ നടത്തുന്ന ചർച്ചകളിൽ പ്രധാനമായും രണ്ട് നിർദ്ദേശങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്:
പാസ് തുക തിരികെ നൽകുന്ന ഫാസ്ടാഗ്
സൈനിക വാഹനങ്ങളിൽ സാധാരണ ഫാസ്ടാഗ് ഉപയോഗിക്കുകയും, അതിന്റെ വാർഷിക പാസ് ചെലവ് പിന്നീട് പ്രതിരോധ മന്ത്രാലയം സൈനികർക്ക് റീഇംബേഴ്സ് (Reimburse) ചെയ്യുകയും ചെയ്യുക. എന്നാൽ, ഈ തുകയുടെ സാമ്പത്തിക ബാധ്യത ഏത് മന്ത്രാലയം വഹിക്കണം എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.
പ്രത്യേകം തരംതിരിച്ച ഫാസ്ടാഗ് (Differentiated FASTag)
ടോൾ തുക ഈടാക്കാതെ, വാഹനത്തിന്റെ യാത്രാ വിവരങ്ങൾ മാത്രം രേഖപ്പെടുത്തുന്ന സീറോ-ടോൾ ഡിഫറൻഷ്യേറ്റഡ് ഫാസ്ടാഗുകൾ സൈനികരുടെ സ്വകാര്യ വാഹനങ്ങൾക്ക് അനുവദിക്കുക.
എം.എൽ.എഫ്.എഫ് പദ്ധതി
2027-28 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ രാജ്യത്തുടനീളമുള്ള 1,150-ഓളം ടോൾ പ്ലാസകളിലും ബാരിയറുകളില്ലാത്ത എം.എൽ.എഫ്.എഫ് സംവിധാനം പൂർണ്ണമായി നടപ്പിലാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. നിലവിൽ രാജ്യത്തുടനീളം 10ൽ താഴെ ടോൾ പ്ലാസകളിൽ മാത്രമാണ് ഈ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്.
100ലധികം ടോൾ പ്ലാസകളിലേക്ക് ഇതിനകം ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷാവസാനത്തോടെ 300 മുതൽ 400 വരെ ടോൾ പ്ലാസകൾ കൂടി ഇത്തരത്തിൽ ലേലം ചെയ്യാൻ മന്ത്രാലയം ലക്ഷ്യമിടുന്നു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) കാമറകളും, ആർ.എഫ്.ഐ.ഡി റീഡറുകളും ചേർന്നതാണ് ഈ സംവിധാനം. വാഹനം നിർത്താതെ തന്നെ വേഗതയിൽ കടന്നുപോകുമ്പോൾ ടോൾ വിവരങ്ങൾ ശേഖരിക്കാൻ ഇതിന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.