എസ്.ഐ.ആർ: പാർട്ടികൾ ബി.എൽ.എമാരുടെ എണ്ണം കൂട്ടണമെന്ന് കമീഷൻ; രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന്

തിരുവനന്തപുരം: എസ്.ഐ.ആർ നടപടികൾ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ ആവശ്യമായ ഇടങ്ങളിൽ ബൂത്ത് ലെവൽ ഏജന്‍റുമാരുടെ (ബി.എൽ.എ) എണ്ണം വർധിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. എസ്.ഐ.ആർ പ്രവർത്തനങ്ങളിൽ പിന്തുണതേടി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ രാഷ്ട്രീയപാർട്ടി നേതൃത്വത്തിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്യൂമറേഷൻ ഫോം വിതരണം ഉൾപ്പെടെയുള്ള നടപടികൾ വിജയത്തിലെത്തിക്കാൻ ബി.എൽ.ഒമാരെ സഹായിക്കാൻ 54,000 ബി.എൽ.എമാരുടെ സേവനമാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രതീക്ഷിക്കുന്നത്. ബി.എൽ.എമാർ ഇനിയും ആവശ്യമുള്ളയിടങ്ങളിൽ അവരെ നിയമിക്കാൻ ഇടപെടൽ വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കത്തിൽ പറയുന്നു.

അതേസമയം എസ്.ഐ.ആർ നടപടി അവലോകത്തിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ശനിയാഴ്ച നടക്കും. എന്യൂമറേഷൻ ഫോറം വിതരണം ആരംഭിച്ചശേഷം വിളിച്ചുചേർക്കുന്ന രാഷ്ട്രീയപാർട്ടികളുടെ ആദ്യയോഗമാണിത്. ബി.എൽ.ഒമാർ വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം തുടരുന്ന ഘട്ടത്തിൽ രാഷ്ട്രീയപാർട്ടികൾ ഉന്നയിക്കുന്ന വിഷയങ്ങൾ പരിശോധിച്ച് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാനാവുമെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമീഷൻ. 2002ലെ തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടര്‍ പട്ടിക പരിഷ്‍കരിക്കുമ്പോൾ നിരവധി പ്രയാസമുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താൻ ആഴ്ചതോറും അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരണമെന്ന തീരുമാനത്തിലാണ് കമീഷൻ.

Tags:    
News Summary - SIR: Commission asks parties to increase number of BLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.