സിംഗപ്പൂർ: പ്രമുഖ ഇന്ത്യൻ എഡ്ടെക് കമ്പനിയായിരുന്ന 'ബൈജൂസി'ന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട കേസുകളിൽ കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനാണ് ശിക്ഷ. കോടതിയെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റമാണ് ബൈജു രവീന്ദ്രനുമേൽ ചുമത്തിയിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ തന്റെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകൾ ബൈജു രവീന്ദ്രൻ മനഃപൂർവം ലംഘിച്ചതായി സിംഗപ്പൂർ കോടതി കണ്ടെത്തി. ഉടൻതന്നെ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ കോടതി അദ്ദേഹത്തോട് നിർദേശിച്ചിട്ടുണ്ട്.
ഇതിന് പുറമെ, കോടതിച്ചെലവായി 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 70,500 യു.എസ് ഡോളർ) പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. ബൈജൂസിന്റെ അനുബന്ധ കമ്പനിയുടെ ഓഹരികൾ കൈവശം വെച്ചിരിക്കുന്ന 'ബീയാർ ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കോർപ്പറേറ്റ് സ്ഥാപനത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനമായ 'ഖത്തർ ഹോൾഡിങ്സ്' നൽകിയ ഹരജിയിലാണ് സിംഗപ്പൂർ കോടതിയുടെ നടപടി. ബൈജൂസ് വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുകയും പ്രതിസന്ധിയിലാവുകയും ചെയ്ത ഘട്ടത്തിൽ ഖത്തർ ഹോൾഡിങ്സ് കമ്പനിയിൽ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. കോടതിയിൽ ഖത്തർ ഹോൾഡിങ്സിന് വേണ്ടി 'ഡ്രൂ ആൻഡ് നാപ്പിയർ' എന്ന നിയമസ്ഥാപനവും ബൈജൂസ് ഇൻവെസ്റ്റ്‌മെന്റിന് വേണ്ടി 'ഫെർവെന്റ് ചേമ്പേഴ്‌സു'മാണ് ഹാജരായത്.
യു.എസിൽനിന്ന് കൈപ്പറ്റിയ 1.2 ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് അന്താരാഷ്ട്ര നിക്ഷേപകരും വായ്പ നൽകിയവരും ബൈജു രവീന്ദ്രനെതിരെ ആഗോളതലത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഈ പുതിയ വിധി. സംഭവത്തിൽ പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയാറായിട്ടില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.