ചണ്ഡിഗഢ്: പ്രസിദ്ധ പഞ്ചാബ് ഗായകൻ സിദ്ദു മൂസേവാലയുടെ ക്രൂരമായ കൊലപാതകത്തിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് കരുതുന്ന ഗുണ്ടാത്തലവൻ ഗോൾഡീ ബ്രാർ കാലിഫോർണിയയിൽ പിടിയിലായി. കഴിഞ്ഞ മേയ് 29നാണ് മാനസ ജില്ലയിൽവെച്ച് സിദ്ദു മൂസേവാല എന്ന് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്ന ശുബ് ദീപ് സിങ് സിദ്ദു ദാരുണമായി വധിക്കപ്പെട്ടത്. ബ്രാർ അംഗമായ ലോറൻസ് ബിഷ്‍ണോയി ഗ്യാങ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ബ്രാറിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബ് സ്വദേശിയാണ് ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിങ്.. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ സജീവ അംഗമാണിയാളെന്ന് പൊലീസ് പറഞ്ഞു. ദേരാ സച്ചാ സൗദ ആത്മീയ പ്രസ്ഥാനത്തിൽപെട്ടയാളെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന സൂത്രധാരൻ കൂടിയാണ് ബ്രാർ.
ഗോൾഡി ബ്രാറിനെ ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അഹ്മദാബാദിൽ പറഞ്ഞു. ബ്രാറിനെ കസ്റ്റഡിയിലെടുത്ത കാലിഫോർണിയ പൊലീസ് ഇന്ത്യൻ സർക്കാറുമായും പഞ്ചാബ് പൊലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്. യു.എസുമായുള്ള ഉടമ്പടിപ്രകാരം ഗോൾഡി ബ്രാറിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയും.
തന്റെ സംഘത്തെ ഉപയോഗിച്ച് പാകിസ്താൻ വഴിയാണ് ബ്രാർ കൊലപാതകം ആസൂത്രണം ചെയ്തത്. ബ്രാറിനെ ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ വെളിച്ചത്തു വരുമെന്നും മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.