ബംഗളൂരു: കർണാടക സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ (കെ.എസ്.ബി.സി.സി) സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ജാതി സർവേ റിപ്പോർട്ടിൽ തീരുമാനം വീണ്ടും മാറ്റിവെച്ച് മന്ത്രിസഭ. മന്ത്രിമാർക്കിടയിൽ കൂടുതൽ വിപുലമായ ചർച്ചകൾ സാധ്യമാക്കുന്നതിനായാണ് തീരുമാനം. അടുത്ത മന്ത്രിസഭാ യോഗം മെയ് 15ന് നടക്കാൻ സാധ്യത.
വിഷയത്തിൽ മന്ത്രിസഭ ഹ്രസ്വ ചർച്ച നടത്തിയെന്നും നിരവധി മന്ത്രിമാർ മുഖ്യമന്ത്രിക്ക് ഉപദേശം നൽകുകയും ചെയ്തു. പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി വിവരങ്ങൾ അവതരിപ്പിച്ചു. കൂടുതൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നും വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
2015ൽ സംസ്ഥാന വ്യാപകമായി നടത്തിയ സർവേ റിപ്പോർട്ട് 2024 ഫെബ്രുവരി 29ന് കെ.എസ്.ബി.സി.സി സിദ്ധരാമയ്യ സർക്കാരിന് സമർപ്പിച്ചിരുന്നു. ഏപ്രിൽ 18ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ സിദ്ധരാമയ്യ 34 മന്ത്രിമാരോടും റിപ്പോർട്ടിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖാമൂലം നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിനെക്കുറിച്ച് ഇതുവരെ 12 മന്ത്രിമാർ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ജനസംഖ്യയുടെ 70 ശതമാനം മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (ഒ.ബി.സി) പെട്ടവരാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് സർക്കാർ അംഗീകരിക്കണമെന്ന് കോൺഗ്രസിന്റെ ഒ.ബി.സി നേതാക്കളിൽ നിന്ന് ശക്തമായ സമ്മർദ്ദമുണ്ട്.
സംസഥാനത്ത് രാഷ്ട്രീയമായി പ്രബലരായ വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങൾ സർവേയെ എതിർക്കുന്നു. 2011ന് ശേഷം ദേശീയ സെൻസസ് ഇല്ലാത്തതിനാൽ വിശ്വസനീയമായ ഡാറ്റയുടെ അഭാവം, റിപ്പോർട്ട് അശാസ്ത്രീയമാണെന്നും എണ്ണം ശരിയായി കണക്കാക്കിയിട്ടില്ലെന്നുമാണ് ഈ വിഭാഗക്കാരുടെ വാദം. അവരുടെ ജനസംഖ്യ യഥാക്രമം 13.6 ശതമാനവും 12.2 ശതമാനവും ആണ്.
കർണാടകയിൽ മുസ്ലീങ്ങൾക്കൊപ്പം പ്രബല സമുദായങ്ങളും ഒ.ബി.സി വിഭാഗത്തിൽ പെടുന്നു. കൂടാതെ കെ.എസ്.ബി.സി.സി റിപ്പോർട്ട് അവരുടെ ക്വാട്ടയിലും വർദ്ധനവ് ശുപാർശ ചെയ്തിട്ടുണ്ട്.
2015-ലെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ ജാതി സർവേയുടെ അടിസ്ഥാനത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം നിലവിലുള്ള 32ശതമാനത്തിൽ നിന്ന് അവരുടെ ജനസംഖ്യാ അനുപാതത്തിൽ 51 ശതമാനമായി വർദ്ധിപ്പിക്കാൻ കെ.എസ്.ബി.സി ശുപാർശ ചെയ്തു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള മൊത്തത്തിലുള്ള സംവരണം 69ശതമാനം ആയും പട്ടികജാതി (എസ്.സി)പട്ടികവർഗ (എസ്.ടി)ക്കാർക്കുള്ള18ശതമാനം ഉൾപ്പെടെ മൊത്തം സംവരണം 79ശതമാനമായും ഉയരും. ഇതിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (ഇ.ഡബ്ല്യു.എസ്) 10ശതമാനം സംവരണം ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.