ജന്തർമന്തറിലെ പ്രതിഷേധം തടഞ്ഞു: ഡൽഹി പൊലീസ് ഉത്തരവിനെതിരെ യൂത്ത് കോൺഗ്രസ് കോടതിയിൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർമന്തറിൽ നടത്താനിരുന്ന പ്രതിഷേധ ധർണക്ക് അനുമതി നിഷേധിച്ച ഡൽഹി പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് നൽകിയ ഹർജി അടുത്ത ആഴ്ച ഡൽഹി ഹൈകോടതി പരിഗണിക്കും. പ്രതിഷേധം തടഞ്ഞുകൊണ്ട് ഒക്ടോബർ ഒന്നിന് ഡൽഹി പൊലീസ് പുറപ്പെടുവിച്ച ഉത്തരവാണ് യൂത്ത് കോൺഗ്രസ് കോടതിയിൽ ചോദ്യം ചെയ്തത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പരിഷ്കരണത്തിലെ ദുരൂഹതകൾക്കെതിരെയും 100 മുതൽ 150 വരെ ആളുകളെ പങ്കെടുപ്പിച്ച് സമാധാനപരമായി പ്രതിഷേധം നടത്താൻ സെപ്റ്റംബർ 25-നാണ് അനുമതി തേടി അപേക്ഷ നൽകിയതെന്ന് ഹരജിയിൽ പറയുന്നു. സുരക്ഷ, ഗതാഗത നിയന്ത്രണം, അച്ചടക്കം, ക്രമസമാധാന പാലനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ നിബന്ധനകളും പാലിക്കാൻ തങ്ങൾ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ നിരന്തരമായി കാര്യങ്ങൾ തിരക്കിയിട്ടും, സമരം നടത്താൻ നിശ്ചയിച്ചിരുന്ന ഒക്ടോബർ ഒന്നിന് മാത്രമാണ് അനുമതി നിഷേധിച്ച വിവരം പൊലീസ് അറിയിച്ചതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.

മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ഹരജി

പ്രതിഷേധങ്ങളെ നിയന്ത്രിക്കാനുള്ള പൊലീസിന്റെ അധികാരം യാതൊരു പരിശോധനയുമില്ലാതെ മൊത്തത്തിലുള്ള നിരോധനമായി മാറ്റാൻ സാധിക്കില്ലെന്ന് ഹരജിയിൽ വാദിക്കുന്നു. സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്താതെ പ്രതിഷേധങ്ങൾക്ക് പൂർണ വിലക്കേർപ്പെടുത്തുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, ആർട്ടിക്കിൾ 19(1)(b) ഉറപ്പുനൽകുന്ന സമാധാനപരമായി സംഘടിക്കാനുള്ള അവകാശത്തിന്റെയും നഗ്നമായ ലംഘനമാണ്.

പ്രതിഷേധങ്ങളും പൊതുയോഗങ്ങളും സംബന്ധിച്ച മാർഗനിർദേശങ്ങൾ പൊലീസ് തികച്ചും യാന്ത്രികമായി നടപ്പാക്കുകയാണെന്നും ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അഡ്വക്കേറ്റ് രൂപേഷ് സിംഗ് ഭദൗരിയ മുഖേന ഫയൽ ചെയ്ത ഹരജിയിൽ വ്യക്തമാക്കുന്നു.

Tags:    
News Summary - Youth Congress Moves Delhi HC Against Police Refusal to Permit Protest Against CEC Gyanesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.