കൊല്ലൂരിൽ പശു മോഷണം; പ്രധാന പ്രതി പിടിയിൽ
കൊല്ലൂർ :കർണാടകയിലെ പ്രശസ്ത തീർഥാടനകേന്ദ്രമായ കൊല്ലൂരിൽ തെരുവ് പശുവിനെ മോഷ്ടിച്ച് കടത്തിയ കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കേസിൽ മുഖ്യ പങ്കാളിയായ മുഹമ്മദ് സിനാനെയാണ് കൊല്ലൂർ പൊലീസ് പിടികൂടിയത്. കൊല്ലൂർ മൂകാംബിക ക്ഷേത്ര പരിസരത്തും ടൗണിലും സ്ഥിരമായി കണ്ടിരുന്ന പശുവിനെ പ്രതിയും സംഘവും ചേർന്ന് വാഹനത്തിൽ കടത്തിക്കൊണ്ടുപോയതായാണ് പൊലീസ് പറയുന്നത്.
പശുവിനെ കാണാതായതിനെ തുടർന്ന് പ്രാദേശിക ഭരണകൂടവും നാട്ടുകാരും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും സംശയാസ്പദമായ രീതിയിൽ സഞ്ചരിച്ച വാഹനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് സിനാൻ പിടിയിലായത്. കുന്താപുരത്തെ ഗുൽവാദി ഗ്രാമത്തിലെ താമസക്കാരനാണിയാൾ. കുന്താപുരം സബ് ഡിവിഷന് കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ മുമ്പും അഞ്ചോളം കന്നുകാലി മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 29-ന് പുലർച്ചെ 1:30 ഓടെയാണ് സംഭവം നടന്നത്. കൊല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ റോഡരികിൽ നിന്ന തെരുവ് പശുവിനെ പ്രതികൾ ഒരു വെളുത്ത സ്വിഫ്റ്റ് ഡിസയർ കാറിൽ വലിച്ചുകയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കന്നുകാലി മോഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും മോഷ്ടിച്ച പശുക്കളെ എവിടേക്കാണ് കടത്തുന്നതെന്നതും കണ്ടെത്തുന്നതിനായി പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.