രേഖ ഗുപ്ത

ഉദ്യോഗസ്ഥരെ ഹനുമാനോട് ഉപമിച്ചു; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കെതിരെ എഫ്.ഐ.ആർ ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി കോടതി

ന്യൂഡൽഹി: ഡൽഹി സർക്കാർ ഉദ്യോഗസ്ഥരെ ഭഗവാൻ ഹനുമാനോട് ഉപമിച്ചുകൊണ്ട് നടത്തിയ വിവാദ പരാമർശങ്ങളിൽ മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ഡൽഹി പൊലീസിനോട് തൽസ്ഥിതി റിപ്പോർട്ട് തേടി കോടതി. റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വിനി പൻവാറാണ് കശ്മീരി ഗേറ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് ഒക്ടോബർ 15-നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടത്. കേസ് ഒക്ടോബർ 15-ന് വീണ്ടും പരിഗണിക്കും.

രാം നിവാസ് ശർമ എന്നയാൾ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ ബറോത്തിലേക്ക് ഡി.ടി.സി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി സംഘടിപ്പിച്ച ഔദ്യോഗിക സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്നും ഹനുമാനെ അപമാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

വിവാദ പ്രസംഗം ഇങ്ങനെ

"ഡൽഹി സർക്കാരിലെ ഈ ഉദ്യോഗസ്ഥരെല്ലാം ഹനുമാനെപ്പോലെയാണ്. ഇവരുടെ വാലിൽ തീപിടിക്കുമ്പോൾ മാത്രമാണ് അവർക്ക് സ്വന്തം ശക്തി ഓർമവരുന്നത്; അതിനുമുൻപ് അവർ എല്ലാം മറന്നുപോകുന്നു. നമ്മൾ ഇപ്പോൾ 'മർഘട് വാലെ ബാബ'യുടെ (നിഗംബോധ് ഘട്ടിന് സമീപമുള്ള ഹനുമാൻ ക്ഷേത്രം) വാതിൽക്കൽ ഇരിക്കുന്നതുകൊണ്ടാണ് എനിക്ക് ഹനുമാൻജിയെ പെട്ടെന്ന് ഓർമവന്നത്."

സർക്കാർ കാര്യങ്ങളിൽ അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥരെ ശാസിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഈ വിവാദ ഉപമ നടത്തിയത്. എന്നാൽ, ഒരു പൊതുവേദിയിൽ സർക്കാരുദ്യോഗസ്ഥരെയും ജനങ്ങളെയും സാക്ഷിയാക്കി നടത്തിയ ഈ പരാമർശങ്ങൾ ഭഗവാൻ ഹനുമാനെ അപഹസിക്കുന്നതും ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് പരാതിക്കാരനായ രാം നിവാസ് ശർമ്മ വാദിച്ചു. പരാതിക്കാരന് വേണ്ടി അഭിഭാഷകൻ സഞ്ജീത് കുമാർ കോടതിയിൽ ഹാജരായി.

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ നിലവിൽ കോടതി നിരീക്ഷണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രാഥമിക വിവരങ്ങൾ അറിയാൻ പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Delhi Court Seeks Police Report on Plea for FIR Against CM Rekha Gupta Over 'Hanuman' Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.