'പണം തന്നില്ലെങ്കിൽ പാമ്പിനെ വിടുമെന്ന് ഭീഷണി'; ട്രെയിനിൽ ഭീതി വിതച്ച് പണംതട്ടിയ ആറ് പേർ കസ്റ്റഡിയിൽ

ബിഹാർ: ട്രെയിൻ യാത്രക്കാർക്ക് നേരെ പാമ്പുകളെ കാണിച്ച് ഭയപ്പെടുത്തി പണം തട്ടിയ ആറംഗ സംഘത്തെ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) പിടികൂടി. ഈസ്റ്റ് സെൻട്രൽ റെയിൽവേ സോൺപൂർ ഡിവിഷന് കീഴിൽ സർവീസ് നടത്തുന്ന ജനസേവ എക്സ്പ്രസിലാണ് സംഭവം. ഒക്ടോബർ 2-ന് ജനറൽ കോച്ചിൽ പരിശോധന നടത്തിയ ആർ.പി.എഫ് സംഘം ഇവരെ ദിഗ്‌വാറ സ്റ്റേഷനിൽ ഇറക്കിവിട്ട് കസ്റ്റഡിയിലെടുത്തു.

ട്രെയിനിൽ പാമ്പുകളുമായി ചിലർ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുവെന്ന് യാത്രക്കാരിലൊരാൾ റെയിൽവേയുടെ 'റെയിൽമദദ്' പോർട്ടൽ വഴി പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ ദിഗ്‌വാറ ആർ.പി.എഫ് ഔട്ട്പോസ്റ്റിലെ സബ് ഇൻസ്‌പെക്ടർ ഷംഷേർ കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ട്രെയിനിൽ നിരീക്ഷണം ശക്തമാക്കി.

ഛപ്രാ സ്റ്റേഷൻ വിട്ടതിനു പിന്നാലെ ജനറൽ കോച്ചുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വിഷപ്പാമ്പുകളുമായി യാത്രക്കാരെ ഭയപ്പെടുത്തി പണം പിരിക്കുന്ന സംഘത്തെ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടിയത്.

പിടിയിലായവർ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയതെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സരസ്വതി ചന്ദ്ര അറിയിച്ചു. ചിലർ ലക്നൗ സ്വദേശികളാണെന്നും മറ്റു ചിലർ ഹിമാചൽ പ്രദേശിൽ നിന്നുള്ളവരാണെന്നും മാറിമാറി പറഞ്ഞതിനെ തുടർന്ന് ഇവരുടെ പേരുവിവരങ്ങളും വിലാസവും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്.

സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വന്യജീവി നിയമങ്ങൾ അനുസരിച്ച് പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

ട്രെയിനുകളിൽ പാമ്പുകളെ കാണിച്ച് പണം പിരിക്കുന്നതും ഭയപ്പെടുത്തുന്നതും പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് റെയിൽവേ ഓർമ്മിപ്പിച്ചു. യാത്രക്കാർ ഇത്തരക്കാരുടെ വലയിൽ വീഴരുതെന്നും, ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റെയിൽമദദ് വഴിയോ റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പറുകളിലോ വിവരമറിയിക്കണമെന്നും സി.പി.ആർ.ഒ അഭ്യർത്ഥിച്ചു.

Tags:    
News Summary - 6 Arrested for Extorting Money by Threatening Passengers with Snakes on Train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.