ബംഗളൂരു: ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണക്ക് വെള്ളിയാഴ്ച കേന്ദ്ര വിദേശ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നയതന്ത്ര പാസ്പോർട്ട് കൈവശം വെക്കുന്നതിനെതിരെയാണ് നോട്ടീസ്. ജർമനിയിലുണ്ടെന്ന് കരുതുന്ന പ്രജ്വലിന്റെ ഡി 1135500 നമ്പർ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചിരുന്നു. ഇതിന്റെ തുടർ നടപടിയായാണ് വിദേശ മന്ത്രാലയം പ്രജ്വലിന് കാരണം കാണിക്കൽ നോട്ടീസ് ഇ-മെയിൽ ചെയ്തത്. മുഖ്യമന്ത്രി രണ്ടാം തവണയാണ് ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഈ മാസം ഒന്നിനായിരുന്നു ആദ്യത്തെ കത്ത്. പാസ്പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നായിരുന്നു ആവശ്യം.
പ്രജ്വലിന്റെ പാസ്പോർട്ട് റദ്ദാക്കാനാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കേന്ദ്ര വിദേശ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രജ്വലിനെതിരെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷമായിരുന്നു കത്തയച്ചത്. അശ്ലീല വിഡിയോകൾ പ്രചരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം 27നാണ് പ്രജ്വൽ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നത്. ലൈംഗിക പീഡനക്കേസുകളിൽ പ്രതിയായ പ്രജ്വലിനെ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്റർപോൾ പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 1967ലെ പാസ്പോർട്ട് നിയമപ്രകാരം നയതന്ത്ര പാസ്പോർട്ട് കൈവിടുന്നതോടെ പ്രജ്വലിന് വിദേശത്ത് തുടരാനാവില്ല. ഇന്ത്യയിലേക്ക് തിരിച്ചയക്കുന്ന നടപടി ബന്ധപ്പെട്ട രാജ്യങ്ങൾ സ്വീകരിക്കും.
ബംഗളൂരു: പ്രജ്വൽ രേവണ്ണ എം.പിയും പിതാവ് എച്ച്.ഡി. രേവണ്ണയും ഉൾപ്പെട്ട ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കുന്ന എസ്.ഐ.ടിയുടെ ഹെൽപ് ലൈനിൽ വിളിച്ച് മുപ്പതിലേറെ സ്ത്രീകൾ പീഡന വിവരങ്ങൾ കൈമാറി. എന്നാൽ, ആരും പൊലീസിൽ പരാതി നൽകാൻ സന്നദ്ധമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.