മുംബൈ: കാട്ടുപന്നി വേട്ടക്കിടെ വെടിയേറ്റ് മരണം. പാൽഘറിലെ വനമേഖലയിലാണ് അബദ്ധത്തിൽ കൂട്ടുകാരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാട്ടിൽനിന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 28ന് രാത്രിയാണ് പാൽഘർ മാനറിലെ ബോർഷേട്ടി വനമേഖലയിലേക്ക് ഒരു സംഘം ഗ്രാമീണർ കാട്ടുപന്നി വേട്ടക്കായി പോയത്. യാത്രക്കിടെ അംഗങ്ങളിൽ ചിലർ വേറെ വഴി പിരിഞ്ഞു. പിന്നീട് ദൂരെ അനക്കം കണ്ടപ്പോൾ കാട്ടുപന്നികളാണെന്ന് തെറ്റിദ്ധരിച്ച് കൂട്ടത്തിലുള്ളവർ വെടിവെക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിഭ്രാന്തരായ സംഘാംഗങ്ങൾ വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിന് പകരം മൃതദേഹം കാട്ടിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞു. പിന്നീട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പാൽഘറിലെ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ അഭിജിത് ധാരാശിവ്കർ പറഞ്ഞു.
മൃതദേഹം കണ്ടെത്തി പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറു ഗ്രാമീണരെ കസ്റ്റഡിയിലെടുത്തു. അതേസമയം, വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സക്കിടെ മരിച്ചെന്നും ഗ്രാമീണർ ചേർന്ന് മൃതദേഹം ദഹിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.