ജനാധിപത്യം സംരക്ഷിക്കാനല്ല, കുടുംബാധിപത്യം സംരക്ഷിക്കാൻ; രാഹുലിനും ഇൻഡ്യ സഖ്യത്തിനുമെതിരെ ശിവരാജ് സിങ് ചൗഹാൻ

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ പ്രതിഷേധം പ്രഖ്യാപിച്ച ഇൻഡ്യ സഖ്യത്തിനും കോൺഗ്രസിനുമെതിരെ ബി.ജെ.പി. ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ ഇൻഡ്യ മുന്നണി പ്രഖ്യാപിച്ച ‘സേവ് ഡെമോക്രസി’ മാർച്ചിനെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാൻ പരിഹസിച്ചു. ഇത് ‘സേവ് ഡെമോക്രസി’ മാർച്ച് അല്ലെന്നും ‘സേവ് ഡൈനസ്റ്റി’ മാർച്ചാണെന്നും ​കേന്ദ്രമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ നീക്കം ജനാധിപത്യം സംരക്ഷിക്കാനല്ലെന്നും മറിച്ച് കുടുംബാധിപത്യം സംരക്ഷിക്കാനാണെന്നുമാണെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന് മുൻകൂട്ടി കാരണം കണ്ടെത്താനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു.

മുന്നണിയിലെ വിവിധ കക്ഷികൾ രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കാൻ തയാറാകുന്നില്ലെന്നും അദ്ദേഹത്തെ വീണ്ടും വീണ്ടും നേതാവായി അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. യോഗം ചേരുന്നതിന് മുൻപ് തന്നെ ഇൻഡ്യ സഖ്യം പൊളിഞ്ഞുവെന്നും അരവിന്ദ് കെജ്രിവാൾ, എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യമില്ലായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം പരിഹസിച്ചു. ഇന്ത്യ സഖ്യത്തിനോ കോൺഗ്രസിന് പോലുമോ രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ലെന്നും ചൗഹാൻ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ജനാധിപത്യം സിന്ദാബാദെന്നും തോറ്റാൽ തെരഞ്ഞെടുപ്പ് കമീഷൻ മുർദബാദെന്നും വിളിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ നയമെന്നും അദ്ദേഹം വിമർശിച്ചു.

എസ്‌.ഐ.ആർ നടപടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് ഇൻഡ്യ സഖ്യം തീരുമാനിച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാനാണ് ഇന്ന് ചേർന്ന ഇൻഡ്യ സഖ്യത്തിന്‍റെ നിർണായക യോഗത്തിലെ തീരുമാനം. ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ ജില്ലാ തലത്തിൽ ‘സേവ് ഡെമോക്രസി’ മാർച്ചുകളും ജില്ലാ മജിസ്ട്രേറ്റ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധങ്ങളും നടത്തും. ഒക്ടോബർ ആറിന് പ്രതിപക്ഷ എം.പിമാർ തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. വോട്ടർപട്ടിക തയ്യാറാക്കുന്നതിൽ കൂടുതൽ സുതാര്യത വേണമെന്നും എസ്‌.ഐ.ആർ നടപടിയിൽ നീക്കം ചെയ്ത വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Tags:    
News Summary - ‘Its not save democracy but save dynasty’ Shivraj Chouhan takes jibe at Rahul INDIA bloc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.