ട്രാഫിക് ഇനി എഐ നിയന്ത്രിക്കും; ഡൽഹിയിൽ 1,789 കോടിയുടെ കേന്ദ്ര പദ്ധതിക്ക് അംഗീകാരം
ന്യൂഡൽഹി: ഡൽഹിയിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടി അത്യാധുനിക നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത ട്രാഫിക് നിയന്ത്രണ സംവിധാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഡൽഹി പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ITMS) പദ്ധതിക്ക് അന്തിമ അനുമതി നൽകിയത്. 1,789.52 കോടി രൂപയാണ് ഈ വൻകിട പദ്ധതിക്കായി കേന്ദ്ര സർക്കാർ ചെലവഴിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം വരുന്നതോടെ ഡൽഹിയിലെ റോഡുകൾ കൂടുതൽ സ്മാർട്ടാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തത്സമയ ട്രാഫിക് വിവരങ്ങൾ ശേഖരിക്കൽ, വാഹനങ്ങളുടെ തിരക്കിന് അനുസരിച്ച് തനിയെ സമയം ക്രമീകരിക്കുന്ന സിഗ്നലുകൾ, ക്യാമറകൾ വഴിയുള്ള ഓട്ടോമേറ്റഡ് ട്രാഫിക് നിയമലംഘന കണ്ടെത്തലുകൾ എന്നിവ ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷതകളാണ്.
ഡൽഹിയിൽ ഏറ്റവും കൂടുതൽ വാഹനത്തിരക്ക് അനുഭവപ്പെടുന്ന പ്രധാനപ്പെട്ട 42 ട്രാഫിക് കോറിഡോറുകളെയാണ് ആദ്യ ഘട്ടത്തിൽ ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ആകെ മൂന്ന് ഘട്ടങ്ങളായി 24 മാസത്തിനുള്ളിൽ പദ്ധതി പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണത്തിന് ശേഷം അടുത്ത അഞ്ച് വർഷത്തേക്ക് ഇതിന്റെ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും ഈ പദ്ധതിയുടെ ഭാഗമായി തന്നെ തുടരും. പുതിയ എഐ സംവിധാനം യാത്രാസമയം ഗണ്യമായി കുറക്കുമെന്നും അപകടങ്ങൾ ഒഴിവാക്കി യാത്ര കൂടുതൽ സുരക്ഷിതമാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.