ന്യൂഡൽഹി: വടക്ക്കിഴക്കൻ ഡൽഹിയിലെ ശിവ വിഹാറിൽ കലാപത്തിനിടെ അക്രമികൾ തീയിട്ട് നശിപ്പിച്ചത് 200ലധികം വാഹനങ്ങൾ. ശിവ വിഹാറിലെ രണ്ട് പാർക്കിങ് ഏരികളിലായി 170 കാറുകൾ കത്തിനശിച്ചു.
ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്ച രാത്രിയുമാണ് അക്രമികൾ ജനവാസമേഖലയിലെ പാർക്കിങ് ഗ്രൗണ്ടിൽ തീയിട്ടത്.അടുത്തുള്ള കെട്ടിടങ്ങളിലേക്കും തീപടർന്നതായി ശിവ വിഹാർ വാസിയായ അബൂബ് ഇബ്രാർ പറഞ്ഞു.
ഒരോ നിരകളിലെയും കാറുകൾ കത്തിയമരുന്നത് കണ്ട് നിൽക്കാനേ കഴിഞ്ഞുള്ളൂ. കാറുകളിലേക്ക് തീപടരുന്നതിനൊപ്പം സമീപത്തുളള വീടുകളും കത്തി തുടങ്ങിയിരുന്നു. തുടർച്ചയായി അഗ്നിശമന സേനയെ ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ശിവ വിഹാറിൽ എത്താൻ കഴിയില്ലെന്നാണ് അഗ്നിശമന സോനാംഗങ്ങൾ മറുപടി നൽകിയത് -അബൂബ് ഇബ്രാർ ഓർമിച്ചു.
ശിവ വിഹാറിലെ താമസക്കാർ മാസവാടകയായി 2000 രൂപ നൽകി കാർ സൂക്ഷിക്കുന്ന ഗാരേജും അക്രമികൾ തെരഞ്ഞുപിടിച്ച് കത്തിച്ചു. സെകൂരിറ്റി ഗാർഡുകളെ കല്ലെറിഞ്ഞ് ഓടിച്ച് ഗേറ്റ് തകർത്താണ് അക്രമികൾ അകത്ത് പ്രവേശിച്ചതെന്ന് കാർ നശിപ്പിക്കപ്പെട്ട ഷാ ആലം പറഞ്ഞു.
പാർക്കിങ് ഗ്രൗണ്ടിലെ കാറുകൾക്ക് പുറമെ ശിവ വിഹാറിലെ ജനവാസമേഖലയിൽ നിർത്തിയിട്ടിരുന്ന മിനി ട്രക്കുകളും ഓട്ടോറിക്ഷകളും ബൈക്കുകളുമെല്ലാം തീവെച്ച് നശിപ്പിക്കപ്പെട്ടു. നിരവധി വാഹനങ്ങൾ കല്ലെറിഞ്ഞും ഇരുമ്പ് ദണ്ഡുകൾകൊണ്ട് തല്ലിയും തകർത്ത നിലയിലാണ്.
ശിവ് വിഹാർ ശ്മശാൻ ഘട്ടിൽനിന്ന് മദീന മസ്ജിദ് വരെയുള്ള 500ഒാളം വീടുകൾ അക്രമികൾ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചും പെേട്രാൾ ബോംബുകളെറിഞ്ഞും കത്തിച്ചിരുന്നു. പ്രദേശത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർക്കെതിരെ ആസിഡ് ആക്രമണവും വെടിവെപ്പും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.