ഏക്നാഥ് ഷിൻഡെ

ഏക്നാഥ് ഷിൻഡെ വഞ്ചകൻ, വിമത എം.എൽ.എമാരെയും ബി.ജെ.പിയെയും രൂഷമായി വിമർശിച്ച് ശിവസേന മുഖപത്രം

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ കടുത്ത രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിച്ച് കൊണ്ടിരിക്കെ വിമത എം.എൽ.എമാരെ രൂക്ഷമായി വിമർശിച്ച് ശിവസേന മുഖപത്രം സാമ്ന. ഏക്നാഥ് ഷിൻഡെയെ വിശ്വാസ വഞ്ചകനെന്നാണ് മുഖപത്രം വിലയിരുത്തിയത്.

ശിവസേന ടിക്കറ്റിൽ മത്സരിച്ച് എം.എൽ.എമാരായവർ ഇപ്പോൾ ബി.ജെ.പിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇ.ഡിയെയും സി.ബി.ഐയെയും ഭയന്നാണ് എം.എൽ.എമാർ ഓടി പോയതെന്ന് സാമ്ന കുറ്റപ്പെടുത്തി. അതേസമയം ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുന്നയിച്ച് ശിവസേനയിലെ വിമത എം.എൽ.എമാർ ഗവർണർക്ക് കത്തയച്ചു.

കോവിഡ് ബാധിതനായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബുധനാഴ്ച തന്‍റെ ഔദ്യോഗിക വസതിയായ വർഷയിൽ നിന്ന് കുടുംബ വീടായ മാതോശ്രീയിലേക്ക് മാറിയിരുന്നു. എന്‍റെ ആളുകൾക്ക് ഞാൻ മുഖ്യമന്ത്രിയായി തുടരാൻ താൽപ്പര്യമില്ലെങ്കിൽ അവരത് എന്‍റെ അടുത്ത് വന്ന് പറയണമെന്ന് കഴിഞ്ഞ ദിവസം താക്കറെ തന്‍റെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. ഞാൻ ബാലാസാഹെബിന്‍റെ മകനാണ്. ഒരിക്കലും ഒരു സ്ഥാനത്തിന് പിന്നാലെ പോവുകയില്ല. ഞാൻ രാജി വെക്കാൻ തയാറാണ്. എന്നാൽ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് തന്നെ ആയിരിക്കുമെന്ന് നിങ്ങളെനിക്ക് ഉറപ്പു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ശിവസേനയുടെ ആഭ്യന്തര കാര്യമാണെന്നും സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി അവകാശവാദം ഉന്നയിക്കില്ലെന്നും കേന്ദ്രമന്ത്രി റാവുസാഹേബ് പാട്ടീൽ ദൻവെ പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ശിവസേന എം.എൽ.എമാർ പാർട്ടിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ദൻവെ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Maharashtra Political Crisis Live Update: Sena Mouthpiece Issues Warning To Rebel MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.