സി.ജെ.പിയെ പിന്തുണച്ച് നിരോധനാജ്ഞ വകവെക്കാതെ ശിവസേന ശക്തിപ്രകടനം; ‘സർക്കാറിന് വെളിവുണ്ടാകാൻ’ പ്രാർഥന; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് രൂക്ഷ പരിഹാസം

മുംബൈ: നീറ്റ് ക്രമക്കേടിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ​ഐക്യദാർഢ്യവും ശക്തി പ്രകടനവും പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും. ഇന്ന് ​​വൈകീട്ട് നാലുമണിക്ക് ദാദർ ശിവജി പാർക്കിൽ ദേശീയപതാക ഉയർത്തലും ദേശീയ ഗാനാലാപനവും നടക്കും.

ഞായറാഴ്ച രാവി​ലെ 10 മണിക്ക് ഇവിടെ നിന്ന് തുടങ്ങുന്ന ’തിരംഗ മാർച്ച്’ പ്രകടനം സിദ്ധിവിനായക് ക്ഷേത്രത്തിന് മുന്നിൽ അവസാനിക്കും. ‘സർക്കാറിന് വെളിവുണ്ടാകാനുള്ള’ പ്രാർഥനയോടെ പ്രകടനം അവസാനിക്കുമെന്ന് രാജും ഉദ്ധവും സംയുക്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ചിൽ പ​ങ്കെടുക്കാൻ എല്ലാ പാർട്ടിക്കാരെയും പൊതുജനങ്ങളെയും ക്ഷണിച്ചു. ആരും പാർട്ടി കൊടി ഉപയോഗിക്കരുതെന്നും പകരം ദേശീയ പതാക മാത്രം ഉപയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഒപ്പം നുഴഞ്ഞു കയറ്റക്കാർക്ക് താക്കീതും നൽകി. ഡൽഹിയിലെ പോലെ തന്റെ പ്രകടനത്തിൽ ഗുണ്ടകൾ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കിയാൽ അടിച്ചൊതുക്കി പുറത്തെറിയുമെന്നാണ് രാജിന്റെ താക്കീത്. ഡൽഹി അതിക്രമങ്ങളുടെ ദൃശ്യങ്ങൾ കാണാൻ നിരസിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും രൂക്ഷമായി രാജ് വിമർശിച്ചു. ജന്മം നൽകിയ ആൾക്ക് തന്റെ കുട്ടികളെ പരിഗണിക്കേണ്ട ബാധ്യതയില്ലേ എന്ന പരിഹാസ ചോദ്യമാണ് രാജ് ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ‘കോക്രോച്ച്’ പരാമർശത്തിൽ നിന്നാണ് സി.ജെ.പിയുടെ പിറവി.


വിദ്യാർഥികൾക്ക് നേരെയുള്ള ഡൽഹി പൊലീസ് അതിക്രമത്തിനുമെതിരെ മുംബൈയിലും പ്രതിഷേധം കനക്കുകയാണ്. മുംബൈ പൊലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ വകവെക്കാതെ ശിവജി പാർക്ക്, ചെമ്പൂർ, പവായ്, ചൈത്യഭൂമി, ആസാദ് മൈതാൻ തുടങ്ങിയ ഇടങ്ങളിൽ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 13 കേസുകൾ രജിസ്റ്റർ ചെയ്ത മുംബൈ പൊലീസ് 400 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. നിരവധി പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. വിദ്യാർഥികളുടെ ഭാവിയെ അപകടപ്പെടുത്തുന്ന കള്ളക്കേസുകൾ പിൻവലിക്കണമെന്ന് കോൺഗ്രസ് ഡി.ജി.പിക്കും മുംബൈ പൊലീസ് കമീഷണർക്കും കത്തുനൽകി. പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പും നൽകി.

സമാധാനപരമായ സമരങ്ങൾ പൊലീസ് തടയുന്നതിനും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനുമെതിരെ ബോംബെ ഹൈകോടതി അഭിഭാഷകർ രംഗത്തുവന്നു. 15 ദിവസത്തിൽ കൂടുതൽ നിരോധനാജ്ഞ സർക്കാറിനേ പ്രഖ്യാപിക്കാനാകൂ എന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏഴ് മുതൽ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നു. 24 മണിക്കൂർ ഇടവേളക്ക് ശേഷമാണ് വീണ്ടും നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. സമരക്കാരെ തുരത്താനാണ് ഇതെന്നും അവർ ആരോപിച്ചു.

സമരക്കാരുടെ കൂട്ട അറസ്റ്റിലുള്ള ഉത്ക്കണ്ഠയും രേഖപ്പെടുത്തി. ഇതിനിടയിൽ താൻ പ്രഖ്യാപിച്ച ബന്ദ് തുടങ്ങും മുമ്പെ പൊലീസ് 3,500ഓളം അനുയായികളെ കസ്റ്റഡിയിലെടുത്തതായി വഞ്ചിത് ബഹുജൻ അഘാഡി അധ്യക്ഷൻ പ്രകാശ് അംബേദ്കർ അവകാശപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.