‘ഔറംഗസേബിന്റെ ശവകുടീരം ഹൈദരാബാദിലേക്ക് മാറ്റണം’; ആവശ്യവുമായി ശിവസേന (ഷിൻഡെ വിഭാഗം)

മുംബൈ: മുഗൾ രാജാവ് ഔറംഗസേബിന്റെ ശവകുടീരം ഹൈദരാബാദിലേക്ക് മാറ്റണമെന്ന് ശിവസേന (ഷിൻഡെ വിഭാഗം) എം.എൽ.എ സഞ്ജയ് ഷിർശാത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലാണ് (ഔറംഗാബാദ്) ഔറംഗസേബിന്റെ ഖബറിടം സ്ഥിതിചെയ്യുന്നത്. ഔറംഗാബാദ് എം.എൽ.എയാണ് സഞ്ജയ് ഷിർശാത്ത്.

ഔറംഗാബാദിന്റെ പേരുമാറ്റിയതിനെതിരെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) നേതൃത്വത്തിൽ തുടരുന്ന പ്രതിഷേധത്തോടെയായിരുന്നു സേന നേതാവിന്റെ പ്രതികരണം.'അവർക്ക് ഔറംഗസേബിനോട് ഇത്രയും പ്രേമമാണെങ്കിൽ അദ്ദേഹത്തിന്റെ ശവകുടീരം ഹൈദരാബാദിലേക്ക് മാറ്റണം. അവിടെ അദ്ദേഹത്തിന് സ്മാരകമോ, വേണ്ടതെന്തും ചെയ്‌തോളൂ. ആർക്കും ഒരു പ്രശ്‌നവുമില്ല. പക്ഷെ, ഈ സമരം അവസാനിപ്പിക്കണം’-എം.എൽ.എ ആവശ്യപ്പെട്ടു.

ഛത്രപതി സംബാജിനഗർ എന്നാണ് നഗരത്തിന്റെ പുതിയ പേര്. മഹാരാഷ്ട്ര നഗരമായ ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാക്കുകയും ചെയ്തിട്ടുണ്ട്. ഏറെ ചരിത്രപ്രാധാന്യമുള്ള രണ്ടു നഗരങ്ങളുടെയും പേരുമാറ്റാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിന് ഫെബ്രുവരി അവസാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയത്.

ഷിർശാത്തിന്റെ ആവശ്യത്തെ എ.ഐ.എം.ഐ.എം തള്ളിക്കളഞ്ഞു. എം.എൽ.എയുടെ ആവശ്യം വെറും രാഷ്ട്രീയമാണെന്നും സമുദായങ്ങൾക്കിടയിൽ മതവൈരം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും എ.ഐ.എം.ഐ.എം ഔറംഗാബാദ് അധ്യക്ഷൻ ഷാരിഖ് നഖ്ഷബന്ദി വിമർശിച്ചു. ‘ഔറംഗസേബിനോട് ഇത്രയും വിദ്വേഷമുണ്ടെങ്കിൽ ജി20 ഉച്ചകോടിക്കെത്തിയ പ്രതിനിധികളെ അവർ അദ്ദേഹത്തിന്റെ ഭാര്യ റാബിയ ദൗറാനിയുടെ ശവകുടീരമായ 'ബിബി കാ മഖ്ബറ' കാണാൻ കൊണ്ടുപോയതെന്തിനാണ്? അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് അസം ഷാ 1668ൽ നിർമിച്ചതാണത്’-ഷാരിഖ് ചൂണ്ടിക്കാട്ടി.

മൂന്ന് പതിറ്റാണ്ടായി ശിവസേന ഉയർത്തിവരുന്ന ആവശ്യമാണ് ഔറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റം. മറാത്താ രാജാവായിരുന്ന ഛത്രപതി ശിവാജിയുടെ പുത്രൻ സംബാജിയുടെ പേരാണ് ഔറംഗാബാദിന് നൽകിയിരിക്കുന്നത്. ഉസ്മാനാബാദിന് പഴയ നാമം നൽകുകയാണെന്നാണ് വിശദീകരണം.

ശിവസേന ആചാര്യനായിരുന്ന ബാൽതാക്കറെയാണ് ഔറംഗബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുകൾ മാറ്റണമെന്ന ആവശ്യം ആദ്യമായി ഉന്നയിക്കുന്നത്. 2022ൽ സർക്കാർ തകരുന്നതിനു തൊട്ടുമുൻപ് ഉദ്ദവ് താക്കറെ ഭരണകൂടം നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനം കൈകൊണ്ടിരുന്നു. മഹാവികാസ് അഘാഡി സഖ്യകക്ഷികളായിരുന്ന കോൺഗ്രസിന്റെയും എൻ.സി.പിയുടെയും എതിർപ്പ് മറികടന്നായിരുന്നു ഇത്.


Tags:    
News Summary - 'Shift Aurangzeb's grave to Hyderabad', demands Shiv Sena MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.