ന്യൂഡൽഹി: മോദി സ്തുതിക്കു പിന്നാലെ ശശി തരൂർ എം.പിയെ രൂക്ഷമായി വിമർശിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ബി.ജെ.പിയുടെ സ്ട്രാറ്റജിയാണ് ഏറ്റവും മികച്ചതെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ശശി തരൂർ കോൺഗ്രസിൽ തന്നെ തുടരുന്നതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചു. അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകനാണ് സന്ദീപ് ദീക്ഷിത്.
നമ്മുടെ രാജ്യത്തെ കുറിച്ച് കൂടുതലായി ഒന്നും അറിയാത്തതാണ് ശശി തരൂരിന്റെ പ്രശ്നം. കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരേ നില്‍ക്കുന്ന ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കില്‍ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെ എന്തിനാണ് ശശി തരൂർ കോണ്‍ഗ്രസില്‍ തുടരുന്നത്. എം.പിയായത് കൊണ്ട് മാത്രമാണോയെന്നും സന്ദീപ് ദീക്ഷിത് ചോദിച്ചു.
കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ശശി തരൂരിനെ സന്ദീപ് ദീക്ഷിത് ഹിപ്പോക്രാറ്റ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തരൂരിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ നിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വസ്തതയെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടെന്നും സന്ദീപ് പറഞ്ഞു.
''ബി.ജെ.പിയുടെ അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ട്രാറ്റജികളാണ് കോൺഗ്രസിനേക്കാൾ ഏറ്റവും മികച്ചത് എന്ന് തോന്നുന്നുവെങ്കിൽ അതിന് നിങ്ങൾ വിശദീകരണം നൽകണം. എന്നാൽ അങ്ങനെയൊരു വിശദീകരണം നൽകാൻ സാധിക്കുന്നില്ല എങ്കിൽ നിങ്ങളൊരു ഹിപ്പോക്രാറ്റാണ്''- സന്ദീപ് തരൂരിനോട് പറഞ്ഞു.
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടതിന് പിന്നാലെയാണ് ശശി തരൂർ വീണ്ടും മോദിയെ പുകഴ്ത്തിയത്. മോദിയുടെ പ്രസംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശശി തരൂർ പറഞ്ഞു. മെക്കാളയുടെ 200 വർഷത്തെ പാരമ്പര്യവും ഇന്ത്യയുടെ അടിമത്ത മനോഭാവവും ഇല്ലാതാക്കുന്നതിനെ കുറിച്ചാണ് മോദി പ്രസംഗത്തിന്റെ ഭൂരിഭാഗവും സമയവും സംസാരിച്ചതെന്ന് തരൂർ പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനവും സംസ്കാരവും ഭാഷകളും വിജ്ഞാന സമ്പ്രദായം സംരക്ഷിക്കുന്നതിന് വേണ്ട് 10 വർഷത്തെ ദേശീയ മിഷനും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു. ഇലക്ഷൻ മോഡിൽ നിന്നും മാറി ഇമോണൽ മോഡിലേക്ക് പോയെന്നു ശശി തരൂർ പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. തരൂരിന്റെ എക്സ് പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
മെക്കാളെ അടിച്ചേൽപിച്ച കൊളോണിയൽ മാനസികാവസ്ഥ 10 വർഷത്തിനകം ജനങ്ങളിൽ നിന്ന് മാറ്റിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മെക്കാളെ ചെയ്ത കുറ്റം രൂപത്തിൽ ഇന്ത്യക്കാരും മാനസികമായി ബ്രിട്ടീഷുകാരുമായ ജനതയെ സൃഷ്ടിച്ചു എന്നതാണെന്ന് മോദി ആരോപിച്ചു.
ഡൽഹിയിൽ ‘ഗോയങ്ക ലക്ചർ’ നടത്തുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യക്കാരുടെ ആത്മവിശ്വാസം തകർക്കുകയും അവരിൽ അപകർഷതാബോധം വളർത്തുകയുമായിരുന്നു മെക്കാളെ. ഒരുവശത്ത് അദ്ദേഹം ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശാസ്ത്രീയവും കലാപരവും സാംസ്കാരികവുമായ അറിവുകൾ അവഗണിച്ചു. ഒടുവിൽ എല്ലാ ജീവിതശൈലികളെയും മാറ്റിമറിച്ചു.
ഇന്ത്യയുടെ വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹിക മോഹങ്ങൾ എന്നിവ വിദേശ മാതൃകകളിലാണ് സൃഷ്ടിക്കപ്പെട്ടത്. ഒരു രാജ്യം ചെവികൊടുത്തില്ലെങ്കിൽ അതിന്റെ പാരമ്പര്യം അപ്പാടേ നശിച്ചുപോകും.
ടൂറിസം പരിപോഷിപ്പിച്ചിട്ടുള്ള രാജ്യങ്ങൾ അവരുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരാണ്. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ അതിന്റെ പാരമ്പര്യത്തോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു. പാരമ്പര്യത്തിൽ അഭിമാനമില്ലെങ്കിൽ എങ്ങനെ അത് സംരക്ഷിക്കാൻ തോന്നും. അങ്ങനെ സംരക്ഷിച്ചില്ലെങ്കിൽ സ്മാരകങ്ങൾ വെറും ഇഷ്ടികയും കല്ലുമായി മാറുമെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.