ന്യൂഡൽഹി: 98ാം ജൻമദിനത്തിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ പ്രശംസിച്ചതിൽ ഉറച്ച് ശശി തരൂർ എം.പി. അദ്വാനിയെ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനോടും ഇന്ദിരാഗാന്ധിയോടും താരതമ്യം ചെയ്തായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്.
ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി എന്നീ നേതാക്കളെ പോലെ എൽ.കെ. അദ്വാനിയുടെ പതിറ്റാണ്ടുകളുടെ പൊതുസേവനത്തെ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത് എന്നായിരുന്നു ശശി തരൂർ എക്സിൽ കുറിച്ചത്.
''അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത് അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്. ചൈനയിലെ തിരിച്ചടി കൊണ്ട് നെഹ്‌റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിർവചിക്കാൻ കഴിയാത്തതുപോലെ, അദ്വാനിജിയോടും അതേ നീതി കാണിക്കണം''-എന്നാണ് തരൂർ എക്സിൽ കുറിച്ചത്.
തരൂരിന്റെ പോസ്റ്റിനെ വിമർശിച്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ രംഗത്തുവന്നിരുന്നു.
രാമക്ഷേത്ര നിർമാണത്തിനായി ആഹ്വാനം ചെയ്ത രഥയാത്രയിൽ അദ്വാനിയുടെ പങ്ക് പൊതുസേവനമായി കണക്കാക്കാനാവില്ലെന്നാണ് ഹെഗ്ഡെ വിമർശിച്ചത്. ഈ രാജ്യത്ത് വെറുപ്പിന്റെ വ്യാളി വിത്തുകൾ പാകുന്നത് പൊതുസേവനമല്ലെന്നും അദ്ദേഹം മറുപടി നൽകി.
എന്നാൽ അതിനു ശേഷവും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് തരൂർ വ്യക്തമാക്കിയത്.
അദ്വാനിക്കൊപ്പമുള്ള പഴയ ഫോട്ടോ പങ്കുവെച്ചായിരുന്നു തരൂർ ജൻമദിനാശംസ നേർന്നത്. അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന പോസ്റ്റിൽ അദ്വാനിയുടെ പൊതുസേവനത്തോടുള്ള പ്രതിബദ്ധതയെ തരൂർ പ്രശംസിച്ചു.പൊതുസേവനത്തോടുള്ള അദ്വാനിയുടെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ ഒരിക്കലും മായ്ക്കാൻ പറ്റാത്തതാണെന്നും തരൂർ എക്സിൽ കുറിച്ചു.അദ്വാനിയെ 'ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ' എന്ന് വിശേഷിപ്പിച്ച തരൂർ അദ്ദേഹത്തിന്റെ സേവന ജീവിതം മാതൃകാപരമാണ് എന്നും അഭിപ്രായപ്പെട്ടു. അതിനെതിരായാണ് സഞ്ജയ് ഹെഗ്ഡെ രംഗത്തുന്നത്.
അടുത്തിടെ രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തെയടക്കം പേരെടുത്ത് വിമർശിച്ച തരൂരിന് ബി.ജെ.പിയുടെ കൈയടി കിട്ടിയിരുന്നു. കുടുംബവാഴ്ചക്ക് പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്നും തരൂർ പറയുകയുണ്ടായി. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടെന്നും ഈ ആശയം ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും വ്യാപിച്ചു കഴിഞ്ഞെന്നും ശശി തരൂർ പറയുന്നു. 'കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടിൽ മംഗളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലായിരുന്നു തരൂരിന്റെ വിമർശനം.
സമാജ്‌വാദി പാർട്ടി, ശിവസേന, ബിഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി, ശിരോമണി അകാലി ദള്‍, കശ്മീരിലെ പി.ഡി.പി, തമിഴ്നാട്ടിലെെ ഡി.എം.കെ എന്നീ പാര്‍ട്ടികളെയും കുടുംബവാഴ്ചയുടെ പേരില്‍ തരൂര്‍ വിമര്‍ശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.