ഡൽഹി റാലിയിൽ രാഹുൽ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച വിലക്കയറ്റ വിരുദ്ധറാലിയിൽ രാഹുൽ ഗാന്ധി നടത്തിയത് ശക്തമായ പ്രസംഗമാണെന്ന് ചൂണ്ടിക്കാട്ടി ശശി തരൂരിന്‍റെ ട്വീറ്റ്. റാലിയിൽ വലിയ ജനക്കൂട്ടം എത്തി. ഇനി ഭാരത് ജോഡോ ​യാത്രയാണെന്നും തിരുത്തൽപക്ഷക്കാരനായ തരൂർ കൂട്ടിച്ചേർത്തു.

വിലക്കയറ്റ വിരുദ്ധ റാലിയിൽ മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഉയർത്തിയത്. രണ്ട് പ്രമുഖ വ്യവസായികൾക്കു വേണ്ടി 24 മണിക്കൂർ അധ്വാനിക്കുന്ന സർക്കാർ ജനവികാരം മാനിക്കുന്നില്ലെന്ന് റാലിയിൽ രാഹുൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുകീഴിൽ ഇന്ത്യ രണ്ടായി.

സ്വപ്നങ്ങൾ കരിഞ്ഞവരുടെ ഒരിന്ത്യ. ഏതാനും കോർപറേറ്റുകളുടെ ഏതു സ്വപ്നവും പൂവണിയുന്ന ഇന്ത്യ. വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ മോദിസർക്കാർ ഒന്നുംചെയ്യുന്നില്ല. പാവപ്പെട്ടവനോ തൊഴിലാളിക്കോ വ്യാപാരിക്കോ ഒന്നും കിട്ടുന്നില്ല. അത് അമർഷം വളർത്തുന്നു. ബി.ജെ.പിയും ആർ.എസ്.എസും വർഗീയവിദ്വേഷം വളർത്തി രാജ്യം വിഭജിക്കുന്നു.

വിലക്കയറ്റത്തിനൊപ്പം വി​ദ്വേഷക്കയറ്റവും രാജ്യം നേരിടുകയാണ്. ഭയവും പകയും പരത്തി രാജ്യത്തെ ദുർബലപ്പെടുത്തുകയും അതുവഴി ഇന്ത്യയുടെ ശത്രുക്കളെ സഹായിക്കുകയുമാണ് മോദി സർക്കാർ. നീതിപീഠവും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് കമീഷനുമെല്ലാം സമ്മർദത്തിലാണ്. സർക്കാർ ഭരണഘടനാസ്ഥാപനങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും അവമതിക്കുന്നു. വിമർശിക്കുന്നവരെ വേട്ടയാടുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.

റാലിയിൽ ശശി തരൂരും പ​ങ്കെടുത്തിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും വോട്ടർപട്ടിക പരസ്യപ്പെടുത്തണമെന്നും തിരുത്തൽപക്ഷം ആവശ്യപ്പെട്ടു വരുകയാണ്. പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ഇടയുള്ള രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടുമായി തരൂർ ചർച്ച നടത്തി. പാർട്ടി വിഷയങ്ങളെക്കുറിച്ചായിരുന്നു അരമണിക്കൂർ നീണ്ട ചർച്ചയെന്നാണ് സൂചന.

ഡൽഹി റാലി രാഹുലിന്റെ നാലാമൂഴത്തിന് -ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസിന്റെ ഡൽഹി റാലി രാഹുൽ ഗാന്ധിയെ നാലാമൂഴം കളത്തിലിറക്കുന്ന ഏർപ്പാടാണെന്ന് ബി.ജെ.പി. വിലക്കയറ്റമെന്ന പേരിലാണ് പരിപാടിയെങ്കിലും കോൺഗ്രസിനെ നയിക്കാൻ ആരുമില്ലാത്തതിനാൽ രാഹുൽ ഗാന്ധിയെ പുനരവതരിപ്പിക്കുകയാണ്. പലവട്ടം ഇങ്ങനെ അങ്കത്തിന് ഇറക്കിയതാണെന്നും ബി.ജെ.പി നേതാവ് രാജ്യവർധൻ സിങ് റാത്തോഡ് പറഞ്ഞു.

2014 മുതൽ 90 ശതമാനം തെരഞ്ഞെടുപ്പിലും കോൺഗ്രസ് തോൽക്കുകയാണ് ചെയ്തത്. യു.പിയിൽ 90 ശതമാനം സീറ്റിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. കോൺഗ്രസിന് നയമോ വീക്ഷണമോ നേതൃത്വമോ ഇല്ല -റാത്തോഡ് പറഞ്ഞു.

Tags:    
News Summary - shashi tharoor appreciate Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.