പ്രധാനമന്ത്രിയാവേണ്ട ശരത് പവാറിനെ 'വെട്ടി'യതിന് പിന്നിൽ കോൺഗ്രസിലെ തന്നെ ഗുഢാലോചനയെന്ന് പ്രഫുൽ പട്ടേൽ

മുംബൈ: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് രണ്ട് തവണ അവസരം ലഭിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ. പവാറിന്‍റെ 80ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഫുല്‍ പട്ടേൽ ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

'രാജീവ് ഗാന്ധിയുടെ അവിചാരിത മരണം കോണ്‍ഗ്രസില്‍ ഞെട്ടലുണ്ടാക്കി. ആ സാഹചര്യത്തിലാണ് പാർട്ടിയെ നയിക്കാന്‍ ശരദ് പവാറിനെ ഏല്‍പ്പിക്കണമെന്ന ആവശ്യമുയരുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന ചില ഗൂഢാലോചന ആ ആവശ്യം തള്ളിക്കളയുകയായിരുന്നു. നരസിംഹറാവുവിനെയാണ് പിന്നീട് പ്രസിഡന്‍റാക്കിയതും പ്രധാനമന്ത്രിയാക്കിയതും' -പട്ടേല്‍ പറഞ്ഞു.

അതേസമയം താഴേതട്ടിലുള്ള നേതാക്കൾ ശരദ്പവാർ മുകളിലേക്ക് ഉയരുന്നതിനെ ഒതുക്കിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത് പറഞ്ഞു. പവാറിന്‍റെ കഴിവുകളും യോഗ്യതയും അദ്ദേഹത്തിന്‍റെ മുന്നോട്ടുള്ള രാഷ്ട്രീയ യാത്രക്ക് തടസ്സമായെന്നും അദ്ദേഹം പറഞ്ഞു.

'ഡൽഹിയിലെ ഹർബാർ സംസ്കാരം പവാറിനെ ദുർബലപ്പെടുത്തി. കഴിവ് കുറഞ്ഞ ആളുകൾ അദ്ദേഹത്തെ ഭയപ്പെടുകയും അദ്ദേഹം മുകളിലേക്ക് ഉയരുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. പവാറിന് പ്രധാനമന്ത്രിയാകാനുള്ള അവസരം വളരെക്കാലം മുമ്പേ ലഭിച്ചിരിക്കണം -പ്രധാനമന്ത്രി സ്ഥാനത്തേക്ക് പവാറിനെ തഴഞ്ഞെന്ന എൻ.‌സി.‌പി നേതാവ് പ്രഫുൽ പട്ടേലിന്‍റെ പ്രസ്താവനയോട് നാസിക്കിൽ പ്രതികരിക്കുകയായിരുന്നു റാവത്.

മഹാ വികാസ് അഖാഡിയുടെ (എം‌.വി‌.എ) ഭാഗമായി എൻ‌.സി.‌പി മഹാരാഷ്ട്രയിലെ ശിവസേനയുമായും കോൺഗ്രസുമായും അധികാരം പങ്കിടുന്നു. അതേസമയം യു‌.പി‌.എ ചെയർമാനായി ചുമതലയേൽക്കുമെന്ന വാർത്ത പവാർ നിഷേധിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു നേതാവ് കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ തലവനായാൽ തങ്ങൾ സന്തുഷ്ടരാകുമെന്ന് സഞ്ജയ് റാവത് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.