‘നാണമില്ലേ അമിത് ഷാ, നിങ്ങൾ ഇത്ര നിരാശനാകാൻ പാടില്ല’; വൈറലായി കന്നഡ യുവാവിന്റെ കുറിപ്പ്

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ കലാപങ്ങൾ ഉണ്ടാകുമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് യുവാവിന്റെ കുറിപ്പ്. ശ്രീവത്സ എന്ന കന്നഡ യുവാവിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘നാണമില്ലേ അമിത് ഷാ, നിങ്ങൾ ഇത്ര നിരാശനാകാൻ പാടില്ല’എന്നാണ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ് ആരംഭിക്കുന്നത്.

‘ബി.ജെ.പി അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കൂപ്പുകുത്താനൊരുങ്ങുന്നത്. ഈ സമയം അമിത് ഷാ അയാൾക്ക് ആകെ അറിയാവുന്ന ഒരു കാര്യമാണ്-വർഗീയ ധ്രൂവീകരണം- ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ഒരു ഉത്തരവാദിത്വവുമില്ലാതെ പറയുകയാണ് ഒരു സംസ്ഥാനം വർഗീയ കലാപങ്ങളിലേക്ക് പോകുമെന്ന്. കർണാടക അറിയപ്പെടുന്നത് എല്ലാ ജനവിഭാഗങ്ങൾക്കുമുള്ള മനോഹരമായൊരു പൂന്തോട്ടമാണെന്നാണ്. തുല്യതയും സമാധാനവും ഉദ്ബോധനം ചെയ്ത ബസവണ്ണയുടെ മണ്ണാണിത്’-ശ്രീവത്സ കുറിച്ചു. ട്വീറ്റിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചത്.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ കലാപങ്ങൾ കാരണം കർണാടക പ്രയാസപ്പെടുമെന്നും ‘പുത്തൻ കർണാടക’യിലേക്ക് നയിക്കാൻ ബി.ജെ.പിക്കു മാത്രമെ സാധിക്കൂ എന്നുമാണ് ബാഗൽകോട്ട് ജില്ലയിലെ തേർടലിൽ പൊതുയോഗത്തിൽ സംസാരിക്കവേ അമിത് ഷാ പറഞ്ഞത്.

‘സംസ്ഥാനത്ത് അബദ്ധത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ അഴിമതിയും ആധിപത്യ രാഷ്ട്രീയവും എക്കാലത്തെയും ഉയരത്തിലാകും. അതോടെ സംസ്ഥാനത്തിന്റെ വികസനം റിവേഴ്സ് ഗിയറിലാകും, കലാപങ്ങൾ വർധിക്കും. നിങ്ങൾ ജെഡിഎസിനു വോട്ട് നൽകിയാലും കോൺഗ്രസിന് വോട്ട് കൊടുക്കുന്നതു പോലെയാണ്. കോൺഗ്രസിനു വോട്ട് പോകരുതെന്നുണ്ടെങ്കിൽ, കർണാടകയുടെ സമഗ്ര വികസനത്തിനായി ബിജെപിക്ക് വോട്ട് ചെയ്യണം -അമിത് ഷാ പറഞ്ഞു.

‘നേരത്തേ മുസ്‌‍‌ലിംകൾക്കു സംസ്ഥാനത്ത് നാല് ശതമാനം സംവരണം നൽകിയിരുന്നു. മതാടിസ്ഥാനത്തിലുള്ള സംവരണത്തിൽ ബി.ജെ.പി വിശ്വസിക്കാത്തതിനാൽ അതൊഴിവാക്കി. അധികാരത്തിൽ തിരിച്ചെത്തിയാൽ സംവരണം പുനഃസ്ഥാപിക്കുമെന്നാണു കോൺഗ്രസ് പറയുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ വീണുപോകാത്തതിനാൽ ബി.ജെ.പി തീരുമാനമെടുത്തു. എസ്‌സി, എസ്‌‍‌ടി, വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളുടെ സംവരണം വർധിപ്പിക്കുകയും ചെയ്തു’–അമിത് ഷാ പറയുന്നു.

Tags:    
News Summary - Shame on Shah! How desperate are you?; Kannada youth's note goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.