Petroleum Minister Hardeep Singh Puri 

'പരിഭ്രാന്തരാകേണ്ട '; തടസ്സമില്ലാത്ത ഇന്ധന വിതരണം ഉറപ്പാക്കും -പെട്രോളിയം മന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ധന ലഭ്യതയെക്കുറിച്ച് പൊതുജനങ്ങളിൽ ഉയർന്ന ആശങ്കകൾക്കിടെ, രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ഇന്ധനത്തിനായി ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

വിവിധ സ്രോതസ്സുകളിലൂടെയും മാർഗങ്ങളിലൂടെയും ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി തുടരുന്നുണ്ടെന്നും അതിനാൽ വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗാർഹിക ഉപഭോക്താക്കൾക്ക് 100 ശതമാനം സി.എൻ.ജി, പി.എൻ.ജി വിതരണം ഉറപ്പാക്കിയിട്ടുണ്ട്. വ്യവസായ ആവശ്യങ്ങൾക്കായി നിലവിൽ 70 മുതൽ 80 ശതമാനം വരെ വിതരണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത വിധം ഇന്ധനവും ഊർജവും ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ആവർത്തിച്ചു.

രാജ്യത്തെ പലയിടത്തും പെട്രോൾ പമ്പുകൾ താത്കാലികമായി അടച്ചിട്ടതായുള്ള റിപ്പോർട്ടുകൾ ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാനും കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നത് തടയാനും 1955-ലെ അവശ്യസാധന നിയമത്തിലെ വ്യവസ്ഥകൾ സർക്കാർ നടപ്പിലാക്കി. ഇതനുസരിച്ച് പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യതയും വിതരണവും സർക്കാർ നേരിട്ട് നിയന്ത്രിക്കും. അനധികൃതമായി ഇന്ധനം ശേഖരിച്ചുവെക്കുന്നതും അന്യായമായ രീതിയിൽ വിതരണം ചെയ്യുന്നതും തടയാൻ കർശനമായ പരിശോധനകൾ ഉണ്ടാകും.

യുദ്ധഭീതി മൂലം പെട്രോൾ പമ്പുകളിൽ അനുഭവപ്പെടുന്ന തിരക്കും ഇന്ധനക്ഷാമത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ജനങ്ങളെ വലിയ രീതിയിൽ ബാധിച്ചിരുന്നു. മന്ത്രിയുടെ ഈ പ്രസ്താവനയും കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടലും ഇന്ധന പ്രതിസന്ധിയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾക്ക് വിരാമമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ നടപടികൾ ജനജീവിതം സാധാരണനിലയിലാക്കാൻ സഹായിക്കും.

Tags:    
News Summary - 'No need to panic'; Uninterrupted fuel supply will be ensured - Petroleum Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.