ഷാജാപുര്‍ (ഭോപാല്‍): ഭോപാലില്‍ ഭീകരാക്രമണമെന്ന് സംശയിക്കുംവിധം പാസഞ്ചര്‍ ട്രെയിനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. ഭാരതി യാദവ് (18), അതാര്‍ ഹുസൈന്‍ (55), ജിയ കുഷ്വഹ (39), നഹ യാദവ് (17), ബാബുലാല്‍ മാല്‍വിയ (45), വസിം (25), അമൃത് സാഹു (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭോപാല്‍-ഉജ്ജൈന്‍ പാസഞ്ചര്‍ ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്മെന്‍റില്‍ ചൊവ്വാഴ്ച രാവിലെ 9.30നും 10നുമിടക്കാണ് സ്ഫോടനം.
ഭോപാലില്‍നിന്ന് ഉജ്ജൈനിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ ജബ്ദി സ്റ്റേഷന് അടുത്തത്തെിയപ്പോഴാണ് സ്ഫോടനമുണ്ടായതെന്ന് റെയില്‍വേ പി.ആര്‍.ഒ ജിതേന്ദര്‍കുമാര്‍ ജയന്ത് പറഞ്ഞു. ശക്തമായ പൊട്ടിത്തെറിയില്‍ ഒരു ബോഗി പൂര്‍ണമായും തകര്‍ന്നു. ജനല്‍ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചു. കമ്പാര്‍ട്മെന്‍റില്‍നിന്ന് പുക ഉയരുന്നത് കണ്ട് മറ്റു യാത്രക്കാര്‍ പെട്ടെന്ന് ചാടിയിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ കാണ്‍പുരില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടത്തൊനായിട്ടില്ല. സംശയാസ്പദ സാഹചര്യത്തില്‍ ഒരു സ്യൂട്ട്കേസ് കണ്ടത്തെിയിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് കൃഷ്ണവേണി ദേവാസ്തു അറിയിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണമെന്ന് സംശയിക്കുന്നതിനാല്‍ കേസ് ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. സ്ഫോടനത്തില്‍ സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 25,000 രൂപയും അടിയന്തര സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.