ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ചിത്രങ്ങളേന്തിയ എം.പിമാരെയും കൂട്ടിയാണ് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്ന് പ്രതിഷേധ മാർച്ചുമായി പാർലമെന്റിലെത്തിയത്.
മഹാത്മാ ഗാന്ധി എൻ.ആർ.ഇ.ജി.എ എന്ന കൂറ്റൻ ബാനറുമേന്തിയായിരുന്നു മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം അവതരിപ്പിച്ച വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ -ഗ്രാമീൺ (വിബി-ജി റാം ജി) ബില്ലിനെതിരെ പഴയ പാർലമെന്റ് മന്ദിരത്തിന്റെ പിൻഭാഗത്തു നിന്ന് പുതിയ മന്ദിരത്തിലേക്കുള്ള പ്രതിഷേധ മാർച്ച്. പാർലമെന്റ് സമ്മേളിക്കും മുമ്പ് പുറത്ത് അലയടിച്ച പ്രതിഷേധം ലോക്സഭക്കകത്ത് ബിൽ പാസാക്കാനായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എഴുന്നേറ്റതോടെ ഉച്ചിയിലെത്തി.
ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ എതിർപ്പ് ബുധനാഴ്ച വൈകീട്ട് ആറ് മുതൽ വ്യാഴാഴ്ച പുലർച്ചെ ഒന്നര വരെ നീണ്ട ചർച്ചയിൽ പ്രകടിപ്പിച്ചപ്പോൾ അതിന്റെ മറുപടിക്ക് വ്യാഴാഴ്ച പകൽ സമയം നൽകുകയായിരുന്നു. മുൻ നിരയിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാനെ കാണാതെ അദ്ദേഹം എവിടെയെന്ന് സ്പീക്കർ ഓം ബിർള ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതിപക്ഷ പ്രതിഷേധം ഭയന്ന് പിൻനിരയിൽ പോയിരിക്കുകയാണ് എന്നറിയുന്നത്. തുടർന്ന് പിൻനിരയിൽ നിന്നാണ് മറുപടി പ്രസംഗം നടത്താനും ബിൽ പാസാക്കാനുള്ള അനുമതി തേടാനും കേന്ദ്ര മന്ത്രി എഴുന്നേറ്റത്. അപ്പോഴേക്കും ഇടപെട്ട കെ.സി. വേണുഗോപാൽ, ബിൽ സെലക്ട് കമ്മിറ്റിക്കോ ജെ.പി.സിക്കോ വിടണമെന്നാണ് ചർച്ചയിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടതെന്നും പാസാക്കരുതെന്നും പറഞ്ഞു.
അതംഗീകരിക്കാതെ ബിൽ പാസാക്കാനായി സ്പീക്കർ മന്ത്രിയെ വിളിച്ചതോടെ ഗാന്ധി ചിത്രങ്ങളുമായി പ്രതിപക്ഷം ഒന്നടങ്കം മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി ബില്ലുകൾ കീറിയെറിഞ്ഞു തുടങ്ങി. ആർ.എസ്.എസ്, മോഹൻ ഭഗവത്, ശ്യാമ പ്രസാദ് മുഖർജി എന്നിവരെയെല്ലാം പുകഴ്ത്തിയുള്ള പ്രസംഗം അവസാനിപ്പിച്ച് മന്ത്രി ബിൽ പാസാക്കാൻ സഭയുടെ അനുമതി തേടിയതും ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവർ സ്പീക്കറുടെ പോഡിയത്തിന് മുൻഭാഗത്തുള്ള ടേബിളിലേക്ക് ഗാന്ധി ചിത്രങ്ങളുമായി ചാടിക്കയറി മുദ്രാവാക്യം വിളി തുടങ്ങി. ഇവർക്കൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ കൂടി കയറി ഗാന്ധി ചിത്രങ്ങൾ ഉയർത്തിക്കാണിച്ചതോടെ സ്പീക്കറെ സഭയിലുള്ളവർക്ക് കാണാൻ കഴിയാതെ വന്നു. ഈ ബഹളത്തിനിടയിൽ ശബ്ദവോട്ടോടെ ബിൽ പാസാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.