ന്യൂഡൽഹി: സ്ഥാപനങ്ങളിലെ പരാതി സമിതികളുടെ പരിഗണനയിലുള്ള ലൈംഗിക പീഡന പരാതികൾ മറ്റൊരു സംസ്ഥാനത്തിലേക്ക് മാറ്റാൻ ഹൈകോടതികൾക്ക് അധികാരമുണ്ടോ എന്ന കാര്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി. സംഭവത്തിൽ പൊലീസിൽ നൽകിയ ക്രിമിനൽ കേസ് മാറ്റാനുള്ള അധികാരവും പരിശോധിക്കും. വിഷയത്തിൽ തമിഴ്നാട് സർക്കാറിനോടും വിവിധ വകുപ്പുകളോടും വ്യക്തികളോടും സുപ്രീംകോടതി അഭിപ്രായം ആരാഞ്ഞു. തമിഴ്നാട്ടിൽ മുതിർന്ന വനിത പൊലീസ് ഓഫിസർ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ നൽകിയ ലൈംഗിക പീഡന പരാതി വകുപ്പുതല പരാതി സമിതിയുടെ പരിഗണനയിലാണ്.
ഇതിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം സ്വതന്ത്രമായി നടക്കാൻ കേസ് തെലങ്കാനയിലേക്ക് മാറ്റിയ മദ്രാസ് ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഐ.പി.എസ് ഉദ്യോഗസ്ഥൻ നൽകിയ ഹരജിയിലാണ് നിയമവശം പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ആർ.സുഭാഷ് റെഡ്ഡി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. തുടർന്ന് അന്വേഷണം മാറ്റിയ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിൽ അടുത്തയാഴ്ച കൂടുതൽ വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.