ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കന്നുകാലി കച്ചവടക്കാർക്ക് നേരെ വീണ്ടും ആക്രമണം. മരവടികൾ ഉപയോഗിച്ച് ഇവരെ തല്ലുകയായിരുന്നു. 62കാരനുൾപ്പടെ ഏഴ് മുസ്‍ലിംകൾക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്.
നിസാർ പട്ടേൽ, ആസിഫ് ഷെയ്ഖ്, റിയാസ് ഖുറേഷി, സാജിദ് പാഷ, ആസിഫ് സാദിഖ്, ജാവേദ് ഖുറേഷി, സയീദ് പർവേസ് എന്നിവർക്കാണ് മർദനമേറ്റത്. ഛത്രപതി സംബാജിനഗറിൽ നഗറിൽ നിന്നും വാങ്ങിയ കാലികളുമായി ലാത്തൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. അജ്ഞാതരായ 20 പേരെത്തിയാണ് മർദിച്ചതെന്ന് കന്നുകാലി കച്ചവടക്കാർ പറഞ്ഞു.
മർദനവിവരമറിഞ്ഞ് എത്തിയ പൊലീസാണ് മുസ്‍ലിംകളെ ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസിന്റെ സാന്നിധ്യത്തിലും ഇവരെ മർദിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രതികളെ പൊലീസിന് അറിയാമായിരുന്നിട്ടും അറസ്റ്റ് ചെയ്യാൻ അവർ തയാറായില്ലെന്ന് സംഘത്തിലുണ്ടായിരുന്ന നിസാർ പട്ടേൽ പറഞ്ഞു. കേസെടുക്കാൻ പോലും പൊലീസ് ആദ്യം തയാറായില്ല. പിന്നീട് 12 മണിക്കൂർ കഴിഞ്ഞാണ് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായത്.
അതേസമയം, നിസാർ പട്ടേലിന്റെ ആരോപണങ്ങൾ പൊലീസ് തള്ളി. കന്നുകാലി വിൽപനക്കാർക്കിടയിലുള്ള പ്രശ്നങ്ങളാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിലപാട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.