ആരാണ് യഥാർഥ ശിവസേന: സുപ്രീംകോടതിയിൽ ഉദ്ധവിന് തിരിച്ചടി, ഷിൻഡെക്ക് ആശ്വാസം

ന്യൂഡൽഹി: യഥാർഥ ശിവസേന ആരെന്നും തെരഞ്ഞെടുപ്പ് ചിഹ്നത്തിന് അവകാശികളാരെന്നുമുള്ള തർക്കത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി നിലപാട്. യഥാർഥ ശിവസേനയായി തങ്ങളെ പ്രഖ്യാപിക്കണമെന്നുള്ള ഷിൻഡെ വിഭാഗത്തിന്‍റെ ആവശ്യത്തിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷനെ തടയണമെന്ന ഉദ്ധവ് പക്ഷത്തിന്‍റെ ആവശ്യം കോടതി തള്ളി. ഇക്കാര്യത്തിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. ഇതോടെ ആരാണ് ശിവസേനയെന്ന് തെരഞ്ഞെടുപ്പ് കമീഷന് തീരുമാനിക്കാനാകും. 


മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിലുണ്ടായിരുന്ന എം.വി.എ സർക്കാർ താഴെവീണതിന് പിന്നാലെയാണ് പാർട്ടി പിളർന്നത്. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന വിമതർ ബി.ജെ.പിക്കൊപ്പം ചേർന്ന് സർക്കാറിനെ താഴെയിറക്കുകയായിരുന്നു. കൂടുതൽ എം.എൽ.എമാരുള്ള തങ്ങളാണ് യഥാർഥ ശിവസേനയെന്നും തെരഞ്ഞെടുപ്പ് ചിഹ്നത്തിന് അവകാശികളെന്നുമാണ് ഷിൻഡെ വിഭാഗത്തിന്‍റെ വാദം.

തങ്ങളെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കണമെന്ന് ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗം തിരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗവും കമീഷനെ സമീപിച്ചിരുന്നു.

Tags:    
News Summary - Setback For Team Thackeray In Supreme Court In 'Real Shiv Sena' Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.