‘സൈനിക സേവനത്തിനിടെ വെടിയുണ്ടകളേറ്റിട്ടില്ല; പക്ഷേ, സ്വന്തം ആളുകൾ ഞങ്ങളെ ക്രൂരമായി വെടിവെച്ചു’- ലഡാക്കിൽ പരിക്കേറ്റ മുൻ സൈനികൻ

ലെ: അതിർത്തി പ്രദേശമായ ലഡാക്കിൽ മിക്ക കുടുംബങ്ങളിലെയും ഒരാളെങ്കിലും യൂനിഫോമിൽ രാജ്യത്തിനായി സേവനമനുഷ്ഠിക്കുന്നവരാണ്. എന്നാൽ, സമീപകാല പ്രതിഷേധങ്ങളിൽ സംഭവിച്ചത് മറ്റൊന്നാണ്. സൈനികരുടെ കുടുംബങ്ങളെ സ്വന്തം സർക്കാർ സേന തന്നെ വെടിവച്ചു കൊല്ലുന്നതിന് ഹിമാലയൻ താഴ്വര സാക്ഷ്യം വഹിച്ചു.

വെടിവെപ്പിൽ നാലു സിവിലിയൻമാർ കൊല്ലപ്പെട്ടു. ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റു. സൈനിക സേവനത്തിന് പേരുകേട്ട പ്രദേശം ഇപ്പോൾ കനത്ത സുരക്ഷാ സേനയുടെ സാന്നിധ്യത്താലുള്ള പുറം ശാന്തതക്കു മറവിൽ രോഷത്താൽ തിളച്ചുമറിയുകയാണ്.

ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ നേതാക്കളുടെ അഭിപ്രായത്തിൽ ഈ മേഖലയിൽ നിന്നുള്ള 5000ത്തോളം പുരുഷന്മാർ നിലവിൽ ലഡാക്ക് സ്കൗട്ടുകളിൽ സേവനമനുഷ്ഠിക്കുന്നു. പുറമെ 5000 സൈനികരും ഇവിടുത്തുകാരായുണ്ട്. ആയിരക്കണക്കിനു പേർ ഐ.ടി.ബി.പി, ലഡാക്ക് പൊലീസ്, മറ്റ് സുരക്ഷാ സേനകൾ എന്നിവയിൽ സേവനമനുഷ്ഠിക്കുന്നു. 59,146 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന 50000 കുടുംബങ്ങൾ മാത്രമുള്ള 240 ഗ്രാമങ്ങളും രണ്ട് പട്ടണങ്ങളും അടങ്ങിയ ഭൂപ്ര​ദേശമാണ് ലേയും കാർഗിലും. ഇവയിൽ മാത്രം അഞ്ച് വീടുകളിൽ ഒന്ന് നേരിട്ട് സൈനിക ബന്ധങ്ങൾ പുലർത്തുന്നുണ്ടെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. ലേയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഷേ ഗ്രാമം ലഡാക്കിന്റെ സൈനിക പാരമ്പര്യത്തെ അടയാളപ്പെട്ടുത്തുന്നു. അവിടുത്തെ 300 കുടുംബങ്ങളിൽ 50 ഓളം പേർ നിലവിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നു.

കാർഗിൽ യുദ്ധത്തിൽ ലഡാക്ക് സ്കൗട്ട്സിന് ഐതിഹാസിക പദവി ലഭിച്ചിരുന്നു. മഹാവീർ ചക്ര ഉൾപ്പെടെ നിരവധി ധീരതാ അവാർഡുകൾ ഇവിടങ്ങളിലെ സൈനികർ നേടി. മേജർ സോനം വാങ്ചുക്ക് അവരിൽ ഉൾപ്പെടുന്നു. എന്നിട്ടും നിലവിലെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ അദ്ദേഹം അറസ്റ്റ് ചെയ്തു. കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ അഞ്ചു പേർക്ക് നേരിട്ട് സൈനിക ബന്ധമുണ്ടായിരുന്നു. മരിച്ച രണ്ടുപേരും സൈനിക കുടുംബങ്ങളിൽ നിന്നുള്ളവരാണ്. 46 കാരനായ സെവാങ് താർച്ചിൻ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തയാളാണ്. അദ്ദേഹത്തിന്റെ പിതാവ് ഓണററി ക്യാപ്റ്റനായി വിരമിച്ചു.

ജീവൻ വെടിഞ്ഞ 20 കാരനായ റിഞ്ചൻ ദാദുലിന് നിലവിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു സഹോദരനുണ്ട്. അമ്മ ഫുൻസോക്ക് ഡോൾമ പക്ഷാഘാതം ബാധിച്ച് കിടപ്പിലാണ്. ദാദുൽ ആയിരുന്നു അവരെ പരിചരിച്ചുകൊണ്ടിരുന്നത്. അവൻ പ്രതിഷേധങ്ങളിലൊന്നിലും പ​ങ്കെടുത്തിരുന്നില്ലെന്നും ഇതൊരു ക്രൂരമായ കൊലപാതകമാണെന്നും ബന്ധു പറഞ്ഞു. ‘ആരും തീവ്രവാദിയായി ജനിക്കുന്നില്ല. സാഹചര്യമാണ് ഒരാളെ തീവ്രവാദിയാക്കുന്നത്. ഈ കാര്യങ്ങൾ ഇനിയും തുടർന്നാൽ ഈ സ്ഥലത്തിന്റെ സമാധാനം ഇല്ലാതാകും. എല്ലാത്തിനൊപ്പം അത് കത്തിയെരിയും’ -അശുഭകരമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ലേയിലെ സോനം നോർബൂ മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റവർക്കും പറയാനുള്ളത് സമാനമായ കഥകൾ ആണ്. ഇവിടെയുള്ള 23 വയസ്സുള്ള ജിഗ്മെറ്റും ഏറ്റവും പ്രായം കുറഞ്ഞ ഇരകളിൽ ഒരാളായ 16 വയസ്സുള്ള സ്റ്റാൻസിൻ ചോസ്പെലും സൈനിക കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ജിഗ്മെറ്റിന്റെ പിതാവ് ഉത്തരാഖണ്ഡിലെ സശസ്ത്ര സീമ ബാലിൽ സേവനമനുഷ്ഠിക്കുന്നു. സ്റ്റാൻസിന്റെ പിതാവ് ലഡാക്ക് സ്കൗട്ട്സിലാണ്.

തന്റെ കൈയിൽ സ്‌ഫോടകവസ്തുക്കൾ വന്നു തറച്ചു മുറിവേറ്റുവെന്നും ഡ്യൂട്ടിയിലായതിനാൽ പിതാവിന് സന്ദർശിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നും ജിഗ്മെറ്റ് പറഞ്ഞു. ‘ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. ഈ മേഖലക്ക് സുരക്ഷ വേണമെന്നാണാവശ്യം. പകരം, ഞങ്ങളെ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ്. ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും യുവാവ് കൂട്ടി​ച്ചേർത്തു. മകൻ പ്രതിഷേധിക്കുക പോലും ചെയ്തിട്ടില്ലെന്നും അവൻ സുഖം പ്രാപിക്കാൻ മാസങ്ങൾ എടുക്കുമെന്നും സ്റ്റാൻസിൻറെ പിതാവും പറഞ്ഞു.

മുൻ സൈനികനും കാർഗിൽ യുദ്ധ സൈനികനുമായ സ്റ്റാൻസിൻ ഒറ്റ്സാലിന് കാലിനാണ് പരിക്ക്. ‘വെടിയുണ്ടകൾ ഒന്നും ഏൽക്കാതെ ഒന്നിലധികം മുന്നണികളിൽ ഞാൻ സേവനമനുഷ്ഠിച്ചു. പക്ഷേ നമ്മുടെ സ്വന്തം ആളുകൾ എന്നെ നിഷ്കരുണം വെടിവച്ചുവെന്നും’ അദ്ദേഹം പറഞ്ഞു. മുൻ സൈനികർ പ്രക്ഷോഭത്തിൽ വൻതോതിൽ പങ്കെടുക്കുന്നുണ്ടെന്ന് ലഡാക്ക് സ്കൗട്ട്സിന്റെ മുൻ സൈനികനായ 65 കാരനായ സെറിംഗ് ആങ്ചുക്ക് പറഞ്ഞു.

Tags:    
News Summary - i served on my fronts where i took no bullets. but our own people shot us mercilesly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.