സ്പുട്നിക് വാക്സിന്‍റെ നിർമാണത്തിന് അനുമതി തേടി സിറം ഇൻസ്​റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്-5ന്‍റെ നിർമാണത്തിന് അനുമതി തേടി സിറം ഇൻസ്​റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ (എസ്.ഐ.ഐ). സിറം ഇൻസ്​റ്റിറ്റ്യൂട്ട് വാക്സിൻ ടെസ്റ്റ് ലൈസൻസിനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ (ഡി.സി.ജി.ഐ) മുമ്പാകെ സിറം ഇൻസ്​റ്റിറ്റ്യൂട്ട് അപേക്ഷ നൽകിയിട്ടുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒാക്ഫോർഡ്-അസ്ട്രസെനക വാക്സിനായ കോവിഷീൽഡ് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നത് സിറം ഇൻസ്​റ്റിറ്റ്യൂട്ട് ആണ്.

സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ നിർമാണ-വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് വേണ്ടി കർണാടകയിലെ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എൽ) എന്ന സ്ഥാപനം വാക്സിൻ ർമ്മിക്കുന്നുണ്ട്. വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ (ആർ.ഡി.ഐ.എഫ്) സഹകരണത്തോടെ ഡൽഹിയിലെ പനേസിയ ബയോടെക്കും സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. വർഷത്തിൽ 10 കോടി ഡോസ് വാക്സിൻ ഉൽപാദിപ്പിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ബാച്ച് സ്പുട്നിക് വാക്സിൻ മോസ്കോയിലെ ഗമേലയ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുപോയി ഗുണനിലവാര പരിശോധന നടത്തും. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ ഇന്ത്യയിലെ വാക്സിൻ നിർമാതാക്കൾക്ക് ഉണ്ടെന്നാണ് ആർ.ഡി.ഐ.എഫ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന വാക്സിൻ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ആർ.ഡി.ഐ.എഫിന് പദ്ധതിയുണ്ട്.

നിലവില്‍ സ്പുട്‌നിക് വാക്സിൻ റഷ്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. 91.6 ശതമാനമാണ് കോവിഡ് പ്രതിരോധത്തിൽ സ്പുട്‌നിക്കിന്‍റെ ഫലപ്രാപ്തി. നിലവിൽ 66 രാജ്യങ്ങളിൽ ഈ വാക്സിൻ ഉപയോഗത്തിലുണ്ട്.

ഇന്ത്യ നേരിടുന്ന വാക്സിൻ ക്ഷാമത്തിന് പരിഹാരമായി ഏപ്രിൽ 12നാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി സ്പുട്നിക്കിന് കേന്ദ്ര സർക്കാർ നൽകിയത്. ഇന്ത്യന്‍ നിര്‍മിതമായ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയാണ് രാജ്യത്ത് നിലവില്‍ ഉപയോഗത്തിലുള്ളത്.

Tags:    
News Summary - Serum Institute applies to the DCGI seeking permission for a test license to manufacture Sputnik V

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.