ഡ്രമ്മിനുള്ളിൽ മൃതദേഹം കണ്ടെത്തിയപ്പോൾ

ബംഗളൂരുവിൽ സീരിയൽ കില്ലർ? റെയിൽവേ സ്റ്റേഷനിലെ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം, സമാനമായ മൂന്നാമത്തെ സംഭവം

ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ എ.സി റെയിൽവേ സ്റ്റേഷനായ ബംഗളൂരു എസ്.എം.വി.ടി റെയില്‍വെ സ്റ്റേഷനിലെ ഡ്രമ്മില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബംഗളൂരുവിലെ റെയിൽവേ സ്റ്റേഷനിൽ ഇത് മൂന്നാം തവണയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. ഡിസംബറിൽ ബൈപ്പനഹള്ളിയിലും ജനുവരിയിൽ യശ്വന്ത്പുരയിലും യുവതികളുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

എല്ലാ കൊലപാതകങ്ങളിലും ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. മൂന്നു കൊലപാതകങ്ങളെ സംബന്ധിച്ചും ഇതുവരെ വ്യക്തമായ തെളിവുകളും ലഭിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുതൽ ടെർമിനലിൽ ദുർഗന്ധം വമിച്ചെങ്കിലും ഉറവിടം അറിയാത്തത് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

വൈകിട്ടാണ് ഓട്ടോമാറ്റിക് സ്ലൈഡിങ്ങ് വാതിലിനോട് ചേർന്നുള്ള ഡ്രമ്മിൽ മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 31നും 35നും ഇടയിൽ പ്രായം തോന്നിക്കുമെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച മൂന്നു പേർ ചേർന്ന് ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചെന്ന് ജില്ല പൊലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു.

കഴിഞ്ഞവർഷം ഡിസംബർ ആറിനാണ് ബൈപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനുള്ളിലെ കംപാർട്ടുമെന്റിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരി നാലിന് ബംഗളൂരു യന്ത്വന്ത്‌പുര റെയില്‍വേ സ്റ്റേഷനിൽ വീപ്പക്കുള്ളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നു പേരും 30 വയസിനു മുകളിൽ പ്രായമുള്ളവരാണ്. കൊലപാതക രീതിയിലെ സാമ്യം അന്വേഷിക്കാനും എസ്.എം.വി.ടി, യശ്വന്ത്പുര സ്റ്റേഷനുകളിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പ്രത്യേകം പരിശോധനക്കാനുമാണ് പൊലീസിന്‍റെ നീക്കം.

Tags:    
News Summary - Serial killer in Bengaluru? Woman's body found in drum at railway station, third such incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.