സഹറൻപുർ: കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ലവ് അഗർവാളിന്‍റെ സഹോദരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി യു.പി. പൊലീസ് അറിയിച്ചു. യു.പിയിലെ സഹറൻപുർ ജില്ലയിലെ പിൽഖാനി വ്യവസായ മേഖലയിലെ ഫാക്ടറിക്കു സമീപമുള്ള വയലിലാണ് ലവ് അഗർവാളിന്‍റെ സഹോദരൻ അങ്കുർ അഗർവാളിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് സഹറൻപുർ റൂറൽ എസ്‍.പി അതുൽ ശർമ പറഞ്ഞു.
സർസവ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. അങ്കുറിന്‍റെ ലൈസൻസുള്ള തോക്ക് മൃതദേഹത്തിനടുത്തുനിന്നു കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. പതിവുപോലെ തിങ്കളാഴ്ച രാവിലെ അങ്കുർ ഫാക്ടറിയിൽ ജോലിക്കു പോയിരുന്നു. ഇടക്ക് ഫാക്ടറിയിൽനിന്ന് ഇറങ്ങിയെങ്കിലും വൈകിട്ടുവരെ തിരിച്ചെത്തിയില്ല. തുടർന്നുള്ള തിരച്ചിലിലാണു പാടത്തിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.