വിശ്വാസ വോട്ടെടുപ്പ് നിർത്തിവെക്കണം; ഗവർണറുടെ ഉത്തരവിനെതിരെ ശിവസേന സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടണമെന്ന ഗവർണർ ഭഗത്സിങ് കോശിയാരിയുടെ ഉത്തരവിനെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു.

16 എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള നടപടി ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സേന നേതാവും ചീഫ് വിപ്പുമായ സുനിൽ പ്രഭു കോടതിയിൽ ഹരജി നൽകിയത്. അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുള്ള ഹരജിയിൽ വാദം പൂർത്തിയാകുന്നതുവരെ വിശ്വാസ വോട്ട് നടത്താൻ അനുവദിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

ഹരജിയിൽ അടിയന്തര വാദം കേൾക്കണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു. ഹരജി ബുധനാഴ്ച വൈകീട്ട് കോടതി പരിഗണിച്ചേക്കും. ഉദ്ധവ് താക്കറെ സർക്കാറിനോട് വ്യാഴാഴ്ച പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനും സഭ നടപടികൾ ചിത്രീകരിക്കാനും ഗവർണർ നിർദേശം നൽകിയിരുന്നു.

രാവിലെ 11ന് ചേരുന്ന സഭയുടെ അജണ്ട വിശ്വാസ വോട്ടെടുപ്പ് മാത്രമായിരിക്കണം. വൈകീട്ട് അഞ്ചിനകം നടപടികൾ പൂർത്തിയാക്കണമെന്നുമാണ് ഉത്തരവ്. ഗുവാഹതിയിലെ ഹോട്ടലിൽ കഴിയുന്ന ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതസംഘവും ഉടൻ മുംബൈയിലെത്തിയേക്കും. മുംബൈക്കു സമീപം ഏതെങ്കിലും ഹോട്ടലിൽ എം.എൽ.എമാരെ എത്തിക്കാനാണ് നീക്കം.

പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ചൊവ്വാഴ്ച രാത്രി ഗവർണറെ കണ്ട് ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ മഹാവികാസ് അഘാഡി സർക്കാറിന് ഭൂരിപക്ഷമില്ലെന്ന് അറിയിച്ചതോടെയാണ് വിശ്വാസ വോട്ടിന് കളമൊരുങ്ങിയത്. 16 എം.എൽ.എമാരാണ് ഔദ്യോഗികപക്ഷത്തുള്ളത്. എൻ.സി.പിയുടെ 52ഉം കോൺഗ്രസിലെ 44ഉം ശേഷിച്ച അഞ്ച് സ്വതന്ത്രരും ചേർന്നാൽ 117 പേരെ അഘാഡിയിലുള്ളൂ.

145 ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. എട്ട് സ്വതന്ത്രരടക്കം 114 പേരാണ് ബി.ജെ.പിക്കുള്ളത്. ഷിൻഡെ പക്ഷത്തെ 16 പേരെ അയോഗ്യരാക്കിയാലും ശേഷിച്ച 34 പേരുടെ പിന്തുണയുണ്ടെങ്കിൽ ബി.ജെ.പിക്ക് ഭരണം പിടിക്കാനാകും.

Tags:    
News Summary - Sena challanges Governor's order in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.