ആർ.എസ്.എസിനെ ചെറുക്കാൻ മതേതര-ജനാധിപത്യ ശക്തികൾ ഒരുമിക്കണം: യെച്ചൂരി

ഹൈദരാബാദ്: ആർ.എസ്.എസിനെയും ബി.ജെ.പിയേയും ചെറുക്കാൻ എല്ലാ മതേതര ശക്തികളും ഒരുമിക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം 22ാം പാർട്ടി കോൺഗ്രസിന്‍റെ  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി യെ തോൽപിക്കുകയാണ് പ്രധാനം. ഇതിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണം. ഇടതുപാർട്ടികൾ ശക്തിപ്പെടണമെന്നും ഇതിന് മതേതര ജനാധിപത്യ പാർട്ടികളുടെ സഹകരണം ആവശ്യമാണെന്നും യെച്ചൂരി അറിയിച്ചു. 

രാജ്യത്താകമാനം കേരളത്തിന് എതിരെ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെതിരെയും പാർട്ടിക്ക് എതിരെയും നടക്കുന്ന ആർ.എസ്.എസ്-ബി.ജെ.പി ആക്രമണങ്ങളെയും യെച്ചൂരി വിമർശിച്ചു. ഇതിനെ ചെറുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

പ്രസംഗത്തിലുടനീളം യെച്ചൂരി കോൺഗ്രസിനെ വിമർശിച്ചില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, കോൺഗ്രസുമായി ഒന്നിച്ചു പ്രവർത്തിക്കാൻ പരോക്ഷമായ ആഹ്വാനവും അദ്ദേഹത്തിന്‍റെ പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നു. 

മോദിയുടേത് ഏകാധിത്യ ഭരണമാണെന്ന് സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി സുധാകർ റെഡ്ഢി  പറഞ്ഞു. ആർ എസ് എസിന്റേത് ഫാസിസ്റ്റ് നയംമാണ്. രാജ്യത്തിന്‍റ പ്രധാന ശത്രു ആർ.എസ്.എസും ബി.ജെ.പിയുമാണ്. ഇതിനെ ചെറുക്കാൻ വിശാല ജനാധിപത്യ മതേതര ഐക്യവും ഇടത് ഐക്യവും അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു. 

സി.പി.എം ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസിന് ഹൈദരാബാദിൽ ഇന്ന് തുടക്കമായി. മുതിർന്ന നേതാവും തെലങ്കാന സമരനായികയുമായ മല്ലു സ്വരാജ് പതാക ഉയർത്തി. രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിച്ച് ചർച്ച തുടങ്ങും. 763 പ്രതിനിധികളും 74 നിരീക്ഷകരുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമായി 175 വീതം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മണിക് സർക്കാർ അദ്ധ്യക്ഷനായ പ്രസീഡിയത്തിൽ കേരളത്തിൽ നിന്നുള്ള കെ. രാധാകൃഷ്ണൻ അടക്കം ആറുപേർ ഉണ്ട്. ഉച്ചക്ക് ശേഷം പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. അതിൽ ഇന്നും നാളെയും ചർച്ച നടക്കും. 

സി.പി.എം എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ആർ ശിവശങ്കരൻ, എസ്.യു.സി.ഐ നേതാവ്  
ആശിഷ് ഭട്ടാചാര്യ, ആർ.എസ്.പി നേതാവ് മനോജ് ഭട്ടാചാര്യ എന്നിവരും ഉദ്ഘാടന യോഗത്തിൽ ആശംസകൾ നേർന്നു. 

Tags:    
News Summary - Secular and democratic forces should unite to fight against RSS: Yechury-politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.