ന്യൂഡൽഹി: സ്വവർഗരതി കുറ്റകരമായി കാണുന്ന ഭരണഘടനയുടെ 377ാം വകുപ്പ് പോലുള്ള പ്രധാന വിഷയങ്ങൾ കോടതിയുടെ വിവേകത്തിന് വിടുന്ന സർക്കാർ തീരുമാനത്തിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് എതിർപ്പ്. രാഷ്ട്രീയക്കാർ ഇത്തരം അധികാരം ജഡ്ജിമാർക്ക് കൈമാറുന്ന രീതി നാൾക്കുനാൾ വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ചന്ദ്രചൂഡും അംഗമായിരുന്നു.
കൊളോണിയൽ വ്യവസ്ഥകളും ഭരണഘടനയുടെ യഥാർഥ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നിയമവും തമ്മിലുണ്ടായ ഏറ്റുമുട്ടലിെൻറ ഭാഗമായിരുന്നു കഴിഞ്ഞദിവസത്തെ വിധി. സ്വാതന്ത്ര്യപൂർവ-കൊളോണിയൽ നിയമങ്ങൾ ഇന്ത്യൻ ഭരണഘടന തത്ത്വങ്ങളുമായി െഎക്യപ്പെടുന്നതും വിധിയിൽ കാണാം -ജസ്റ്റിസ് പറഞ്ഞു.ഡൽഹി നാഷനൽ ലോ യൂനിവേഴ്സിറ്റി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡി.വൈ. ചന്ദ്രചൂഡ്.
സ്വവർഗരതിയുമായി ബന്ധപ്പെട്ട വിധിക്ക് പല തലങ്ങളുണ്ട്. വ്യക്തിത്വത്തിെൻറ മഹത്ത്വവും സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പും അംഗീകരിക്കുക എന്നതാണ് അതിൽ ഏറെ പ്രധാനം. വ്യക്തിയും സമൂഹവും തമ്മിലും സ്വന്തം വ്യക്തിത്വവുമായുള്ള പലവിധത്തിലുള്ള ഇടപെടലുകൾ വഴിയാണ് ഒരാളുടെ സ്വത്വം രൂപപ്പെടുന്നത്. ആ അർഥത്തിൽ, ലിംഗപരത സാമൂഹിക സാഹചര്യങ്ങൾ രൂപപ്പെടുത്തുന്ന ഒന്നല്ലേ എന്ന് അദ്ദേഹം ചോദിച്ചു.
ലിംഗപരമായ നിരവധി മുൻധാരണകളിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് 377ാം വകുപ്പ്. സ്ത്രീയും പുരുഷനും ഇങ്ങനെ മാത്രമാണ് ആയിത്തീരേണ്ടത് എന്ന വാർപ്പുമാതൃകകളാണ് അത് ഉറപ്പിക്കുന്നത്.
ബഹുസ്വരസമൂഹത്തിൽ നിയമവാഴ്ച പടർന്നുപന്തലിക്കണമെങ്കിൽ സാംസ്കാരിക വൈവിധ്യങ്ങൾ നിലനിർത്തേണ്ടിവരുമെന്നും ചന്ദ്രചൂഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.