സീറ്റ് വിഭജനം: ഇൻഡ്യ കക്ഷികളുമായി ചർച്ച തുടങ്ങി കോൺഗ്രസ്

ന്യൂഡൽഹി: പാർട്ടിക്കുള്ളിലെ വിശദമായ കൂടിയാലോചനകൾക്കുശേഷം ഇൻഡ്യ സഖ്യത്തിലെ കക്ഷികളുമായി ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ചക്ക് തുടക്കമിട്ട് കോൺഗ്രസ്. ഈ മാസം അവസാനത്തോടെ സീറ്റ് ധാരണ പൂർത്തിയാക്കാനാണ് തീരുമാനം. സഖ്യത്തിലെ മറ്റു പാർട്ടികളിലെ നേതാക്കളുമായി ബന്ധപ്പെടാൻ മുതിർന്ന നേതാക്കളോട് നിർദേശിച്ചെന്നും ചില പാർട്ടികളുമായുള്ള ചർച്ചകൾ തുടങ്ങിയതായും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബിലും ഡൽഹിയിലും ആം ആദ്മി പാർട്ടിയുമായുള്ള ചർച്ച തിങ്കളാഴ്ച തുടങ്ങും.

മുകുൾ വാസ്‌നിക് കൺവീനറും അശോക് ഗെഹ്‌ലോട്ടും ഭൂപേഷ് ബാഗേലുമടക്കം അംഗങ്ങളുമായ അഞ്ചംഗ കമ്മിറ്റി സംസ്ഥാന കോൺഗ്രസ് മേധാവികളുമായി കൂടിയാലോചന നടത്തിയിരുന്നു. അതത് സംസ്ഥാനത്തെ പാർട്ടിയുടെ അഭിപ്രായം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് മുകുൾ വാസ്നിക് കൈമാറിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടാനാണ് 28 പാർട്ടികളടങ്ങിയ ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം. തമിഴ്‌നാട്ടിൽ ഡി.എം.കെയുമായും ബിഹാറിൽ ആർ.ജെ.ഡി, ജെ.ഡി.യുവുമായും കോൺഗ്രസ് നേരത്തേ മുന്നണിയായി പ്രവർത്തിക്കുന്നുണ്ട്.

ഝാർഖണ്ഡിൽ ജെ.എം.എമ്മുമായും സഖ്യം നിലവിലുണ്ട്. അസമിലും ചില പാർട്ടികളുമായി ചേർന്നാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. എന്നാൽ, കോൺഗ്രസും ഇൻഡ്യ സഖ്യത്തിലെ കക്ഷികളും തമ്മിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കടുത്ത ശത്രുത തുടരുകയാണ്.

പശ്ചിമ ബംഗാൾ, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലും സീറ്റ് വിഭജനവും ഒരുമിച്ച് മത്സരിക്കലും എളുപ്പമല്ല. ബംഗാളിൽ തൃണമൂൽ കോൺഗ്രസും സി.പി.എമ്മും കോൺഗ്രസും ഒരുമിക്കാൻ സാധ്യത കുറവാണ്. കേരളത്തിലും സഖ്യമുണ്ടാകില്ല. പഞ്ചാബിൽ കോൺഗ്രസും ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും ഒറ്റക്ക് മത്സരിച്ച് ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്ത കോൺഗ്രസിനോട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കലിപ്പിലാണ്. അതേസമയം, പൊതുശത്രുവിനെ നേരിടാൻ എല്ലാവരും ഒരുമിക്കുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന്.

Tags:    
News Summary - Seat sharing: Congress starts talks with INDIA parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.