ഉത്തരകാശി: മിന്നൽ പ്രളയം വിഴുങ്ങിയ ഉത്തരാഖണ്ഡിലെ ധാരാലിയിൽ കാണായവർക്കുള്ള തിരച്ചിൽ ഊർജിതം. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 128 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ ആകെ എണ്ണം 700 ആയി.
അതേസമയം, മേഘവിസ്ഫോടനത്തെ തുടർന്ന് ഉത്തരാഖണ്ഡിൽ കുടുങ്ങിയ 28 അംഗ മലയാളി വിനോദയാത്രാ സംഘം മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തുമെന്നാണ് വിവരം. ഇവരെ വെള്ളിയാഴ്ച എയർലിഫ്റ്റ് ചെയ്ത് ഉത്തരകാശിയിൽ എത്തിച്ചു. ഇവിടെ നിന്ന് ഡെറാഡൂൺ വഴിയാണ് സംഘം നാട്ടിലേക്ക് മടങ്ങുക. ടൂർ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെത്തിയ 28 മലയാളി കുടുംബങ്ങളിൽ 20 പേർ മുംബൈ മലയാളികളും എട്ടു പേർ കേരളത്തിൽ നിന്നുള്ളവരുമാണ്.
അതിനിടെ, ധാരാലി ഗ്രാമത്തിന്റെ പകുതിയും ഒലിച്ചുപോയ അപകടത്തിൽ ഇനിയും നിരവധി പേരെ കണ്ടുകിട്ടാനുണ്ട്. പൊലീസ് നായ്ക്കളും ഡ്രോണും ഉൾപ്പെടെ അണിനിരത്തിയാണ് ദൗത്യം. രണ്ട് ചിനൂക് കോപ്ടറുകൾ, വ്യോമസേനയുടെ രണ്ട് എം.ഐ 17 കോപ്ടറുകൾ, ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ വികസന അതോറിറ്റിയുടെ എട്ട് ചോപ്പറുകൾ തുടങ്ങിയവ വിവിധ ദൗത്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇന്തോ-തിബത്തൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) 800ൽ അധികം പേരും ദേശീയ ദുരന്തനിവാരണ സേനയിൽ നിന്നുള്ളവരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്.
മിന്നൽ പ്രളയത്തിൽ കുത്തിയൊലിച്ചുവന്ന പാറയിലും ചളിയിലും നിരവധി വീടുകളും ഹോട്ടലുകളും തകർന്നിട്ടുണ്ട്. ഒമ്പത് സൈനികർ ഉൾപ്പെടെ 16 പേരെ കാണാനില്ലെന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാന ദുരിതനിവാരണ അതോറിറ്റി അറിയിച്ചു. എന്നാൽ, യഥാർഥ കണക്ക് ഇരട്ടിയായിരിക്കുമെന്നാണ് റിപ്പോർട്ട്. ബിഹാർ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള സാധാരണ തൊഴിലാളികൾ നിർമാണ ജോലികൾക്കായി എത്തിയിരുന്നു. രണ്ട് ഡസനോളം വരുന്ന ഹോട്ടലുകളിൽ യാത്രക്കാരും ഉണ്ടായിരുന്നു.
ചിലയിടങ്ങളിൽ പാറയും ചളിയും 60 അടി വരെ ഉയരത്തിലാണ്. അതു തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റോഡ് തകർന്നതിനാൽ വ്യോമമാർഗമുള്ള ചരക്കുനീക്കവും രക്ഷാപ്രവർത്തനവും ഊർജിതമാണ്. റോഡ് പുനർനിർമിക്കാനുള്ള പ്രവർത്തനവും സജീവമാണ്. ഗംഗ ഉത്ഭവിക്കുന്ന ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധാരാലി. അതിനാൽ ഹോട്ടലുകൾക്കു പുറമെ, നിരവധി ഹോംസ്റ്റേകളും റസ്റ്റാറന്റുകളും ഗെസ്റ്റ്ഹൗസുകളും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.