ലോക്ഡൗണിൽ നൽകാത്ത സേവനങ്ങൾക്ക് സ്വകാര്യ സ്കൂളുകൾ ഫീസ് ഈടാക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് നൽകാത്ത സേവനങ്ങൾക്ക് സ്വകാര്യ സ്കൂളുകൾ ഫീസ് ഈടാക്കരുതെന്ന് സുപ്രീംകോടതി. ഇത്തരത്തിൽ ഫീസ് ഈടാക്കുന്നത് അമിതലാഭമുണ്ടാക്കലാണെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അടച്ചിടൽ കാലത്ത് സ്കൂളുകളുടെ പ്രവർത്തനച്ചെലവ് കുറവാണ്. ഒാൺലൈൻ ക്ലാസുകളായതിനാൽ പ്രവർത്തനച്ചെലവ് 15 ശതമാനമായി കുറഞ്ഞു. ഫീസിൽ അത്രയെങ്കിലും കുറവ് വരുത്താൻ സ്കൂളുകൾ തയാറാകണമെന്നും ബെഞ്ച് വ്യക്തമാക്കി.

അമിതലാഭത്തിലും വാണിജ്യവത്കരണത്തിലുമെത്താത്തവണ്ണം ഫീസ് നിശ്ചയിക്കാനേ സ്വകാര്യ സ്കൂളുകൾക്ക് അവകാശമുള്ളൂ. സ്കൂൾ മാനേജ്‌മെന്‍റ് പെട്രോൾ, ഡീസൽ, വൈദ്യുതി, പരിപാലന ചെലവ്, വെള്ളക്കരം, സ്റ്റേഷനറി ചാർജുകൾ എന്നിവ ലാഭിച്ചിട്ടുണ്ടാകുമെന്നും ബെഞ്ച് വിലയിരുത്തി.

അടച്ചിടൽകാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകൾ ഫീസിന്‍റെ 70 ശതമാനവും സർക്കാർ സ്കൂളുകൾ 60 ശതമാനവും മാത്രമേ ഈടാക്കാവൂവെന്ന രാജസ്ഥാൻ സർക്കാറിന്‍റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹരജിയിലാണ് സുപ്രീംകോടതി വിധി. അതേസമയം, രാജസ്ഥാൻ സർക്കാറിന്‍റെ ഉത്തരവിനെതിരെ ഹരജി നൽകിയ ജോധ്പുരിലെ ഇന്ത്യൻ സ്കൂളിന് 15 ശതമാനം ഇളവുനൽകിക്കൊണ്ട് ട്യൂഷൻ ഫീസ് ഈടാക്കാൻ സുപ്രീംകോടതി അനുമതി നൽകി.

Tags:    
News Summary - Supreme Court, Lockdown, Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.